ഓഫ് സീസണോ പീക്ക് സീസണോ? ഒരു സീറ്റിന് ഏഴിരട്ടി തുക; പ്രവാസികളുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ടിക്കറ്റ് വില

ഓഫ് സീസൺ കാലയളവായിട്ടും വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ ഗൾഫ് പ്രവാസികൾ കടുത്ത പ്രതിസന്ധിയിലായി. കുറഞ്ഞ നിരക്കിൽ നാട്ടിലെത്തിയവർക്ക് തിരിച്ചുപോകാൻ ഏഴിരട്ടിയോളം തുക നൽകേണ്ടിവരുന്ന സാഹചര്യമാണുള്ളത്. നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ് നീളുന്നതോടെ ജോലി വരെ ബാധിക്കുമോയെന്ന ആശങ്കയും പലരെയും പിടികൂടിയിട്ടുണ്ട്. ഇതോടെ കടം വാങ്ങിയും പലിശയ്ക്ക് പണം എടുത്തും ആഭരണങ്ങൾ പണയപ്പെടുത്തി പോലും കൂടിയ നിരക്കിൽ ടിക്കറ്റ് എടുത്ത് തിരിച്ചുപോകാൻ പ്രവാസികൾ നിർബന്ധിതരാകുകയാണ്. സാധാരണയായി ജനുവരി 15 മുതൽ മാർച്ച് 1 വരെയാണ് ഓഫ് സീസൺ. ഈ കാലയളവിൽ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകൾ ലഭിക്കാറുള്ളത്. എന്നാൽ ഈ വർഷം കേരളത്തിൽ നിന്നുള്ള യുഎഇ റൂട്ടുകളിൽ ഇത്രയധികം നിരക്ക് വർധന ആദ്യമായാണെന്ന് പ്രവാസികൾ പറയുന്നു.

യുഎഇയിൽ നിന്നു കേരളത്തിലെ വിവിധ സെക്ടറുകളിലേക്കുള്ള ശരാശരി ടിക്കറ്റ് നിരക്ക് 300 ദിർഹം (ഏകദേശം 7,000 രൂപ) മാത്രമാണ്. ഗ്രൂപ്പ് ടിക്കറ്റാണെങ്കിൽ 6,000 രൂപയ്ക്കും യാത്ര സാധ്യമാകാറുണ്ട്. എന്നാൽ ഇപ്പോൾ നേരിട്ടുള്ള വിമാനങ്ങളിൽ യുഎഇയിലേക്കുള്ള മടക്കയാത്രയ്ക്ക് 2,100 ദിർഹം വരെ (ഏകദേശം 52,000 രൂപ) ഈടാക്കുന്നു. ബജറ്റ് എയർലൈനുകളിൽ നിരക്ക് അല്പം കുറവാണെങ്കിലും സീറ്റ് ലഭ്യത വളരെ കുറവാണ്. ഈ മാസം അവസാനംവരെ മാത്രമേ നിരക്ക് കുറയാനുള്ള സാധ്യതയുള്ളുവെന്നുമാണ് വിലയിരുത്തൽ. പരിമിത അവധിയെടുത്ത് നാട്ടിലെത്തിയവർക്ക് ഏറെ നാൾ കാത്തിരിക്കാനാവില്ലെന്ന സാഹചര്യം മുതലെടുത്താണ് എയർലൈനുകൾ ഓൺലൈനിലെ തിരച്ചിൽ വർധിക്കുന്നതിനനുസരിച്ച് നിരക്ക് ഉയർത്തുന്നതെന്നും പ്രവാസികൾ ആരോപിക്കുന്നു.

ഒരു സീറ്റിന് 61,671 രൂപ

ഇന്നലെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈനുകളിൽ ശരാശരി നിരക്ക് 52,000 രൂപയായിരുന്നു. അവസാനമായി ലഭ്യമായ ഒരു സീറ്റിന് ഇൻഡിഗോ ഈടാക്കിയത് 61,671 രൂപ. എയർ ഇന്ത്യ എക്സ്പ്രസിൽ സീറ്റുകളൊന്നും ലഭ്യമായിരുന്നില്ല. ഇന്നത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ 43,000 രൂപയും എയർ ഇന്ത്യയിൽ 55,700 രൂപയുമാണ് നിരക്ക്. നാളത്തേക്ക് സ്പൈസ് ജെറ്റിൽ 39,000 രൂപയും എയർ അറേബ്യയിൽ കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് 41,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

അവധിക്കാലത്തും നിരക്ക് കുതിക്കും

മാസാവസാനം നിരക്ക് അല്പം കുറയുമെന്ന പ്രതീക്ഷയും അധികം നാൾ നിലനിൽക്കില്ലെന്നാണ് സൂചന. മാർച്ച് അവസാന വാരത്തോടെ സ്കൂളുകൾ അടയ്ക്കുന്നതോടെ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുമെന്നാണു വിലയിരുത്തൽ. പ്രവാസി കുടുംബങ്ങളുടെ യാത്ര ലക്ഷ്യമിട്ടാണ് എയർലൈനുകൾ ഇതിനകം തന്നെ നിരക്ക് ഉയർത്തിയിരിക്കുന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളെ അപേക്ഷിച്ച് കണ്ണൂരിൽ നിന്നാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്. വിമാന സർവീസുകൾ കുറവായതാണ് പ്രധാന കാരണം. കണ്ണൂരിൽ നിന്ന് മാർച്ച് അവസാനം ദുബായിലേക്കു പോയി മേയ് അവസാനം തിരിച്ചെത്തണമെങ്കിൽ ഒരാൾക്ക് തന്നെ 74,000 രൂപയോളം ചെലവാകും. നാലംഗ കുടുംബത്തിന് ഇത് രണ്ടേകാൽ ലക്ഷം രൂപ വരെ ഉയരും. ടിക്കറ്റ് ബുക്കിംഗ് വൈകുന്നതനുസരിച്ച് നിരക്ക് ഇനിയും വർധിക്കുമെന്നാണ് മുന്നറിയിപ്പ്. ഗൾഫിൽ സ്കൂൾ അവധിയാകുന്ന ജൂലൈ–ഓഗസ്റ്റ് മാസങ്ങളിലും ഇതേ അവസ്ഥ ആവർത്തിക്കാനാണ് സാധ്യത.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *