വിദേശത്ത് നിന്ന് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിലെ ഈ മാറ്റം പ്രവാസികള്‍ക്ക് നേട്ടമാകുന്നത് പല കാരണങ്ങളാല്‍; കൂടുതൽ അറിയാം

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായി സ്വർണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ വൻ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഇതുസംബന്ധിച്ച ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് ‘കസ്റ്റംസ് ബാഗേജ് റൂൾസ് 2026’ എന്ന പുതിയ ചട്ടങ്ങൾ നടപ്പാക്കാനാണ് സർക്കാർ തീരുമാനം.

സ്വർണവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ, മൂല്യപരിധി അടിസ്ഥാനമാക്കിയുള്ള പഴയ നിയമങ്ങൾ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചിരുന്നത്. ഇതുമൂലം വിമാനത്താവളങ്ങളിൽ യാത്രക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. പുതിയ ചട്ടങ്ങൾ ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നൽകുമെന്നാണ് വിലയിരുത്തൽ.

പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങൾ

ഇനി മുതൽ സ്വർണാഭരണങ്ങളുടെ വിപണി മൂല്യം കണക്കാക്കാതെ, നിശ്ചിത ഭാരം വരെ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. ഇതോടെ മുൻപ് നിലവിലുണ്ടായിരുന്ന മൂല്യപരിധി (Value Cap) പൂർണമായും ഒഴിവാക്കി.

സ്ത്രീകൾക്ക് 40 ഗ്രാം വരെ (അഞ്ച് പവൻ) സ്വർണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുൻപ് 40 ഗ്രാം അല്ലെങ്കിൽ ഒരു ലക്ഷം രൂപ എന്ന പരിധിയായിരുന്നു ഉണ്ടായിരുന്നത്.

പുരുഷന്മാർക്ക് 20 ഗ്രാം വരെ സ്വർണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുൻപ് 20 ഗ്രാം അല്ലെങ്കിൽ 50,000 രൂപ എന്ന പരിധിയായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്.

മറ്റ് ഇളവുകൾ

സ്വർണമല്ലാത്ത മറ്റ് സാധനങ്ങൾക്ക് അനുവദിച്ചിരുന്ന ഡ്യൂട്ടി ഫ്രീ പരിധി 50,000 രൂപയിൽ നിന്ന് 75,000 രൂപയായി വർധിപ്പിച്ചു. കൊച്ചി കസ്റ്റംസ് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ പുതിയ നിയമം ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച ഇന്ത്യൻ പൗരന്മാർക്കും വിനോദസഞ്ചാരികൾക്കുമാണ് ഈ ആനുകൂല്യങ്ങൾ ബാധകമാകുന്നത്.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഇടപെടൽ

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രവാസി സംഘടനകളുടെ തുടർച്ചയായ ഇടപെടലുകളുടെ ഫലമായാണ് ഈ നിയമപരിഷ്‌കാരം യാഥാർത്ഥ്യമായത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.കെ. പ്രതാപന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവത്തെ തുടർന്നാണ് സംഘടന ഈ വിഷയം ശക്തമായി ഉന്നയിച്ചത്.

നിലവിലെ വിപണി വില കണക്കാക്കി കസ്റ്റംസ് നികുതി ഈടാക്കിയതിലൂടെ മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. പുതിയ നിയമം യാത്രക്കാരുടെ പ്രയാസങ്ങൾ ഗണ്യമായി കുറയ്ക്കുകയും, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അനാവശ്യ ജോലിഭാരം ലഘൂകരിക്കുകയും ചെയ്യുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ

യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.

നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.

കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *