വേനലവധിക്ക് ശേഷം സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നുള്ള വിമാനടിക്കറ്റ് നിരക്കുകള്‍ ഓഗസ്റ്റ് മാസം നാലിരട്ടി വരെയായി ഉയര്‍ന്നു. കൊച്ചി – ദുബായ് യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ 18,000 രൂപ മുതൽ 20,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഇൻഡിഗോ, ആകാശ എയർലൈൻസ് എന്നിവയിൽ ഇത് 22,000 രൂപ മുതൽ 34,000 രൂപ വരെയായി ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 15,000 മുതൽ 18,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ. കൂടാതെ, മറ്റ് വിമാനക്കമ്പനികളിൽ ഇത് 20,000 രൂപയ്ക്ക് മുകളിലായിരിക്കും. വിമാന ടിക്കറ്റ് നിരക്ക് ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഏജൻസികൾ പറയുന്നു. ഈ ഉയർന്ന നിരക്കുകൾ യാത്രക്കാർക്ക്, പ്രത്യേകിച്ച് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. മലയാളികൾ പലരും ഇന്ത്യയിലെ മറ്റു നഗരങ്ങളുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന കണക്ഷൻ ഫ്ലൈറ്റുകളിലും യാത്രയ്ക്ക് ഒരുങ്ങുന്നുണ്ട്. ഇത്തരം വിമാനങ്ങളിൽ താരതമ്യേന നിരക്ക് കുറവാണ്. അവധി ദിവസങ്ങൾക്ക് ശേഷം ആളുകൾ കൂട്ടമായി മടങ്ങിയെത്തുന്നത് കാരണം വിമാനങ്ങൾ നിറഞ്ഞാണ് സർവീസ് നടത്തുന്നത്. യുഎഇയിലെ മിക്ക സ്കൂളുകളും 2025-2026 അധ്യയന വർഷത്തിനായി തിങ്കളാഴ്ച തുറക്കും. വിമാനത്താവളങ്ങളിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന ചില പുതിയ നിയമങ്ങളും നിബന്ധനകളും മനസിലാക്കിയാൽ സമ്മർദ്ദമില്ലാതെ യാത്ര ചെയ്യാം. ഈ മാറ്റങ്ങൾ യാത്രക്കാരുടെ സൗകര്യം, സുരക്ഷ, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ടത് കാബിന് ബാഗേജ് നിയന്ത്രണങ്ങളാണ്. ഒരു ബാഗ് നിയമം: പല എയർലൈനുകളും ഒരു യാത്രക്കാരന് കാബിൻ ലഗേജായി ഒരു ബാഗ് മാത്രമേ അനുവദിക്കൂ. ഈ ബാഗിന്റെ പരമാവധി ഭാരം 7 കിലോഗ്രാമിൽ കൂടാൻ പാടില്ല. കാബിൻ ബാഗിന്റെ അളവുകൾക്കും നിയന്ത്രണങ്ങൾ വന്നിട്ടുണ്ട്. ഉദാഹരണത്തിന്- 55 സെ.മീ x 40 സെ.മീ x 20 സെ.മീ). അധികമുള്ള ബാഗുകൾ ചെക്ക്-ഇൻ ലഗേജായി മാറ്റേണ്ടിവരും. ചെക്ക് ഇൻ ലഗേജുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ചില വിമാനങ്ങളിൽ രണ്ടിൽ കൂടുതൽ ബാഗുകൾ അനുവദിക്കുന്നില്ല. അതായത്, 30 കിലോഗ്രാം ഭാരമാണ് അനുവദിച്ചിട്ടുള്ളതെങ്കിൽ അത് രണ്ട് ബാഗുകളിലായി (ഉദാഹരണത്തിന്, 15 കിലോ വീതം) കൊണ്ടുപോകാം. രണ്ടിൽ കൂടുതൽ ബാഗുകൾ കൊണ്ടുപോകണമെങ്കിൽ എയർലൈനിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് സാധാരണയായി ലാഭം. വിമാനത്താവളത്തിൽ നേരിട്ട് പണം അടയ്ക്കുന്നതിനേക്കാൾ നിരക്ക് കുറവായിരിക്കും. ഇന്ത്യയിലെ ചില പ്രധാന വിമാനത്താവളങ്ങളിൽ (ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്) ഡിജി യാത്ര (DigiYatra) എന്ന പേരിൽ ഒരു പുതിയ സംവിധാനം നടപ്പാക്കിയിട്ടുണ്ട്, ലാപ്ടോപ്പുകൾ, പവർ ബാങ്കുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാൻഡ് ലഗേജിൽ നിന്ന് പുറത്തെടുത്ത് പ്രത്യേകം ട്രേകളിൽ വച്ച് സ്കാൻ ചെയ്യേണ്ടതുണ്ട്, വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി മുതൽ പുറപ്പെടൽ കാർഡുകൾ പൂരിപ്പിക്കേണ്ടതില്ല, ഇത് നടപടിക്രമങ്ങൾ ലളിതമാക്കുകയും പേപ്പർവർക്കുകൾ കുറയ്ക്കുകയും ചെയ്യും, മിക്ക വിമാനത്താവളങ്ങളിലും മൊബൈലിൽ കാണിക്കുന്ന ബോർഡിങ് പാസ് സ്വീകരിക്കും, എങ്കിലും ഒരു പ്രിന്റഡ് കോപ്പി കയ്യിൽ കരുതുന്നത് നല്ലതാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ കൊണ്ടുപോകുന്നത് ഒഴിവാക്കുക, നിശ്ചിത പരിധിയിൽ കൂടുതൽ വിദേശ കറൻസി കൊണ്ടുപോവുകയാണെങ്കിൽ അത് കസ്റ്റംസ് അധികൃതരെ അറിയിക്കണം, തുടങ്ങിയ കാര്യങ്ങള്‍ യുഎഇയ്ക്കുള്ള യാത്രയില്‍ യാത്രക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t