നിക്ഷേപിക്കാൻ 1 ലക്ഷമുണ്ടോ? കാലാവധിയിൽ 2 ലക്ഷം നേടാം, ഈ പദ്ധതി അറിഞ്ഞോ

നിക്ഷേപിച്ച പണം വളരാനാണ് എല്ലാവരും മികച്ച നിക്ഷേപങ്ങളെ തേടി പിടിക്കുന്നത്. നിക്ഷേപങ്ങളിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നവരാണെങ്കിൽ കേന്ദ്ര സർക്കാറിന്റെ ​ഗ്യാരണ്ടിയുള്ള പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾ തിരഞ്ഞെടുക്കാം. പബ്ലിക്ക് പ്രൊവിഡന്റ ഫണ്ട്, സുകന്യ സമൃദ്ധി യോജന എന്നീ നിക്ഷേപങ്ങൾ ഉയർന്ന പലിശ നൽകുന്നവയാണ്. ഉയർന്ന പലിശയ്ക്കൊപ്പം ഒറ്റത്തവണ നിക്ഷേപത്തിലൂടെ എളുപ്പത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ സാധിക്കുന്നൊരു നിക്ഷേപമാണ് കിസാൻ വികാസ് പത്ര. ഈ പദ്ധതിയുടെ വിശദാംശങ്ങളാണ് ചുവടെ. കിസാൻ വികാസ് പത്ര പ്രത്യേകതകൾ

  • കിസാൻ വികാസ് പത്രയിൽ നിക്ഷേപം ആരംഭിക്കാൻ 1,000 രൂപയാണ് ചുരുങ്ങിയത് ആവശ്യം. 100 ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. പരമാവധി നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ല. ഒറ്റത്തവണ നിക്ഷേപമാണ് കിസാൻ വികാസ് പത്രയിൽ അനുവദിക്കുന്നത്.
  • കിസാൻ വികാസ് പത്രയ്ക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കും. 6.9 ശതമാനമാണ് ജൂലായ്- സെപ്റ്റംബർ പാദത്തിലെ പലിശ നിരക്ക്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുനപരിശോധിക്കും. പലിശ പുതുക്കുമ്പോൾ നിലവിലുള്ള നിക്ഷേപകരെ ബാധിക്കില്ല. പലിശ കുറഞ്ഞാലും ചേരുന്ന സമയത്തെ പലിശ ലഭിക്കും. രാജ്യത്ത് താമസക്കാരായ പൗരന്മാർക്ക് അക്കൗണ്ട് ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടും കിസാൻ വികാസ് പത്രയിൽ ആരംഭിക്കാം. പ്രായ പൂർത്തിയായ മൂന്ന് പേർക്കാണ് ജോയിന്റ് അക്കൗണ്ടിൽ അംഗമാകാൻ സാധിക്കുക. 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കായി രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. പ്രവാസി ഇന്ത്യക്കാർക്ക് പദ്ധതിയിൽ ചേരാണ സാധിക്കില്ല.
  • പ്രായപൂർത്തിയായ ഏതൊരാൾക്കും പോസ്റ്റ് ഓഫീസ് വഴി കിസാൻ വികാസ് പത്രയിൽ അക്കൗണ്ട് എടുക്കാം. ദേശസാൽകൃത ബാങ്കുകൾ വഴിയും കിസാൻ വികാസ് പത്രയിൽ ചേരാൻ സാധിക്കും. ഒരാൾക്ക് എത്ര കിസാൻ വികാസ് പത്ര നിക്ഷേപം വേണമെങ്കിലും ആരംഭിക്കാം. കിസാൻ വികാസ് പത്ര ലോണിന് ഈടായി ധനകാര്യ സ്ഥാപനങ്ങൾ സ്വീകരിക്കും.
  • നിക്ഷേപത്തിന് ആദായ നികുതിയിളവുകളൊന്നും ലഭിക്കില്ല. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും നികുതി ആനുകൂല്യങ്ങളില്ല. പലിശയ്ക്ക് മുകളിൽ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കില്ല.

സമ്പാദ്യം വളർത്താൻ ആ​ഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് കിസാൻ വികാസ് പത്ര. നിലവിൽ കിസാൻ വികാസ് പത്രയ്ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.9 ശതമാനമാണ്. ഈ നിരക്കു പ്രകാരം നിക്ഷേപം ആരംഭിച്ച് 10 വർഷം 4 മാസം (124 മാസം) പൂർത്തിയാകുമ്പോൾ തുക ഇരട്ടിക്കും.

1 ലക്ഷം രൂപ കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്നൊരാൾക്ക് 124 മാസത്തിന് ശേഷം 2 ലക്ഷം രൂപ നേടാനാകും. കിസാൻ വികാസ് പത്രയിലെ പലിശ നിരക്ക് നിലവിൽ പൊതുമേഖലാ ബാങ്കുകൾ നൽകുന്നതിനെക്കാൾ ഉയർന്നതാണ്.

അക്കൗണ്ട് ആരംഭിച്ച് 2 വർഷവും 6 മാസവും പൂർത്തിയായാൽ അക്കൗണ്ട് അവസാനിപ്പിക്കാൻ അനുമതിയുണ്ട്. വ്യക്തി​ഗത അക്കൗണ്ടുകളിൽ അക്കൗണ്ട് ഉടമയുടെ മരണത്തോടെ അക്കൗണ്ട് അവസാനിപ്പിക്കാം. ജോയിന്റ് അക്കൗണ്ടിൽ ഒരാളുടെയോ എല്ലാ അം​ഗങ്ങളുടെയോ മരണത്തോടെയോ അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവുണ്ടെങ്കിൽ നിക്ഷേപം കാലാവധി എത്തുന്നതിന് മുൻപ് അക്കൗണ്ട് അവസാനിപ്പിക്കാം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്ന സമയത്ത് അക്കൗണ്ട് അവസാനിപ്പിക്കാം. ‌

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy