100 രൂപയുടെ നിക്ഷേപം വഴി ലക്ഷപ്രഭു ആകാം; ഈ നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയാതെ പോകരുത്

വരുമാനത്തിൽ നിന്നും കുറച്ച് ഭാവിയിലേക്കുള്ള നിക്ഷേപമായി മാറ്റിവയ്ക്കുക എന്നത് ജീവിതത്തിൽ എല്ലാവരും പാലിക്കേണ്ട കാര്യമാണ്. എന്നാൽ ഏത് പദ്ധതിയിൽ നിക്ഷേപിക്കണം, എത്ര തുക നീക്കിവയ്ക്കണം എന്ന കാര്യത്തിൽ എല്ലാവർക്കും ആശയക്കുഴപ്പമാണ്. നിക്ഷേപിക്കുന്ന പണത്തിൻറെ സുരക്ഷ, ലഭിക്കുന്ന വരുമാനം എന്നീ രണ്ട് കാര്യങ്ങളാണ് നിക്ഷേത്തിന് മുൻപ് പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ.നിക്ഷേപ സുരക്ഷയിലും പലിശയിലും വലിയ ശ്രദ്ധ നൽകുന്ന നിക്ഷേപകർക്ക് പരിഗണിക്കാൻ കഴിയുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡൻറ് ഫണ്ട് അഥവാ പിപിഎഫ്. ഒരു കണക്ക് നോക്കിയാൽ, എല്ലാ ദിവസവും വെറും 100 രൂപ ലാഭിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ സർക്കാർ പദ്ധതിയിലൂടെ 10 ലക്ഷം രൂപ സമാഹരിക്കാം. എങ്ങനെയെന്ന് നമുക്ക് നോക്കാം.

എന്താണ് പബ്ലിക് പ്രൊവിഡൻറ് ഫണ്ട്..?

സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡൻറ് ഫണ്ട്. 1968-ലെ പബ്ലിക് പ്രൊവിഡൻറ് ഫണ്ട് ആക്ട് അനുസരിച്ചാണ് ഈ ദീർഘകാല നിക്ഷേപ പദ്ധതി പ്രവർത്തിക്കുന്നത്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്.

കാലാവധിയും പലിശ നിരക്കും

പിപിഎഫ് അക്കൗണ്ട് 15 വർഷത്തിനുള്ളിൽ മെച്യൂർ ആകും. നിക്ഷേപകന് വേണമെങ്കിൽ അത് കൂടുതൽ നീട്ടാവുന്നതാണ്. നിലവിൽ പിപിഎഫിന് 7.1 ശതമാനം പലിശയാണ് നൽകുന്നത്. പിപിഎഫിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനം ആദായ നികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. പിപിഎഫ് അക്കൗണ്ടിന്റെ ബാലൻസ് പൂർണമായും വെൽത്ത് ടാക്‌സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

100 രൂപ 10 ലക്ഷം സമ്പാദ്യം

ദിവസേന 100 രൂപ ലാഭിക്കുന്നതിലൂടെ 10 ലക്ഷം രൂപ പിപിഎഫിലൂടെ സമ്പാദിക്കാം. ദിവസവും 100 രൂപ എന്നാൽ മാസം 3000 രൂപ. ഒരു വർഷത്തെ കണക്കെടുത്താൽ 36,000 രൂപ നിക്ഷേപിക്കേണ്ടി വരും. നിക്ഷേപ കാലാവധിയായ 15 വർഷം പൂർത്തിയാകുമ്പോൾ 5.40 രൂപ നിക്ഷേപിക്കണം. പലിശ ഇനത്തിൽ ഏകദേശം 4,36,370 രൂപയും നേടാം. അതായത് 15 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപകന് ആകെ 9,76,370 രൂപ ലഭിക്കും.

20 വർഷം കൊണ്ട് 15 ലക്ഷം രൂപ ലഭിക്കും

കാലാവധി പൂർത്തിയാകുന്നതിന് ശേഷവും നിങ്ങളുടെ പിപിഎഫ് നിക്ഷേപം നീട്ടാൻ കഴിയുമെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അത്തരമൊരു സാഹചര്യത്തിൽ, ഈ നിക്ഷേപം 5 വർഷത്തേക്ക് തുടർന്നാൽ, ഇരട്ടിയിലധികം വരുമാനം ലഭിക്കും. ഈ 20 വർഷത്തിനുള്ളിൽ നിങ്ങൾ മൊത്തം 7,20,000 രൂപ നിക്ഷേപിക്കും, പലിശയിൽ നിന്ന് മാത്രം നിങ്ങൾക്ക് 8,77,989 രൂപ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, പ്രതിദിനം 100 രൂപ ലാഭിക്കുന്നതിലൂടെ, 20 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 15,97,989 രൂപ സമ്പാദിക്കാൻ സാധിക്കും.

പിപിഎഫ് വഴി വായ്പ

പിപിഎഫ് അക്കൗണ്ട് ഉടമകൾക്കും വായ്പാ സൗകര്യം ലഭിക്കും. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയെ അടിസ്ഥാനമാക്കിയാണ് വായ്പ ലഭിക്കുന്നത്. പിപിഎഫ് വായ്പയുടെ പലിശ നിരക്ക് പിപിഎഫ് അക്കൗണ്ടിൻ്റെ പലിശ നിരക്കിനേക്കാൾ 1 ശതമാനം കൂടുതലാണ്. അതായത്, നിങ്ങൾ പിപിഎഫ് അക്കൗണ്ടിൽ നിന്നും വായ്പയെടുക്കുകയാണെങ്കിൽ 8.1 ശതമാനം പലിശ നൽകേണ്ടി വരും.

പിപിഎഫ് അക്കൗണ്ട് എങ്ങനെ തുറക്കാം..?

ഏതെങ്കിലും അംഗീകൃത ബാങ്കിൻറേയോ പോസ്റ്റ് ഓഫീസിൻറേയോ ശാഖയിൽ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. പിപിഎഫ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം പൂരിപ്പിച്ച്, ഒപ്പം ഐഡി പ്രൂഫ്, വിലാസം തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top