ഇനി രക്തദാതാക്കളെ തേടി അലയേണ്ട: വരുന്നു ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്പ്

കേരളത്തിലുടനീളം സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ അറിയാൻ കേന്ദ്രീകൃത സോഫ്റ്റ് വെയർ ‘ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

പൊതുജനങ്ങൾക്ക് രക്തത്തിൻറെ ലഭ്യത കൃത്യമായി അറിയാൻ ഒരു പോർട്ടൽ കൂടി ഈ പദ്ധതിയുടെ ഭാഗമായി തയാറായിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ ഈ പോർട്ടൽ ജനങ്ങൾക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇത് യാഥാർഥ്യമാവുന്നതോടെ എവിടെ നിന്നും രക്ത ബാങ്കുകളിലെ വിവരങ്ങൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

രക്തത്തിൻറെ ലഭ്യത ഉറപ്പുവരുത്താനായി സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകളോ ബ്ലഡ് ബാങ്കുകളോ സജ്ജമാക്കിയിട്ടുണ്ട്. രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്കു നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുകയും അപൂർവ രക്തത്തിനായി കേരള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പുറത്തിറക്കുകയും ചെയ്തു. ഇതു കൂടാതെയാണ് ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ സജ്ജമാക്കുന്നത്. ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ കെ- ഡിസ്‌ക്, കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, ഇ ഹെൽത്ത് എന്നിവ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

വരുന്ന വർഷങ്ങളിൽ 100 ശതമാനം സന്നദ്ധ രക്തദാനം എന്ന സുപ്രധാന ലക്ഷ്യം കൈവരിക്കാനും ലക്ഷ്യമിടുന്നു. എല്ലാ ബ്ലഡ് ബാങ്കുകളേയും ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത സോഫ്റ്റ് വെയർ പ്ലാറ്റ്ഫോമാണ് ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ. സർക്കാർ തലത്തിലെ കൂടാതെ സ്വകാര്യ ബ്ലഡ് ബാങ്കുകളെക്കൂടി ഈ സോഫ്റ്റ് വെയറിലേക്ക് സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ലഭ്യമായ രക്തം ഒരൊറ്റ പ്ലാറ്റ്ഫോമിൽ ദൃശ്യമാക്കുന്നതിനും എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള സുരക്ഷയും പരിചരണവും ഉറപ്പാക്കുന്നതിനും ഇതിലൂടെ സഹായിക്കും.ഈ മാസം മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ പദ്ധതി ആരംഭിക്കും. തുടർന്ന് ഈ വർഷം തന്നെ കേരളം ഒട്ടാകെ പദ്ധതി യാഥാർഥ്യമാക്കാനാണ് ശ്രമിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top