
Bomb Threat Flights; യൂറോപ്യൻ വ്യോമയാന മേഖലയെ പരിഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് യാത്രാവിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. ഡബ്ലിനിൽ നിന്ന് റോമിലേക്ക് യാത്ര തിരിക്കുകയായിരുന്ന ഐറിഷ് വിമാനക്കമ്പനിയായ എയർ ലിങസിന്റെ എയർബസ് എ320 വിമാനമാണ് ഭീഷണിയെത്തുടർന്ന് ഫ്രാൻസിലെ സൈനിക വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വ്യാഴാഴ്ച രാവിലെ 6.25-ന് 151 യാത്രക്കാരും ആറ് ജീവനക്കാരുമായി ഡബ്ലിനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെത്തുടർന്ന് വിമാനം ഉടൻ തന്നെ വഴിതിരിച്ചുവിടുകയായിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയ നിർദേശപ്രകാരം, വിമാനം നോർമണ്ടിയിലെ എവ്റൂ സൈനിക താവളത്തിൽ ഇറക്കാൻ തീരുമാനിച്ചു. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ ഫ്രഞ്ച് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ആകാശത്തേക്ക് കുതിക്കുകയും യാത്രാവിമാനത്തിന് സുരക്ഷാ അകമ്പടി (Escort) നൽകുകയും ചെയ്തു. അതീവ ജാഗ്രതയോടെ നീങ്ങിയ സൈനിക ദൗത്യസംഘം വിമാനത്തെ സുരക്ഷിതമായി നോർമണ്ടിയിലെ സൈനിക വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെയും ജീവനക്കാരെയും ഉടൻ തന്നെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തുടർന്ന് സൈനിക ബോംബ് നിർവീര്യമാക്കൽ സംഘം വിമാനത്തിൽ വിശദമായ പരിശോധന നടത്തി. സംഭവം നടക്കുമ്പോൾ വിമാനം എത്തേണ്ടിയിരുന്ന റോമിലെ വിമാനത്താവളത്തിൽ മുൻകരുതൽ നടപടിയെന്നോണം അരമണിക്കൂറോളം (രാവിലെ 10.15 മുതൽ 10.45 വരെ) വിമാനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. യൂറോപ്പിലെ വിമാനക്കമ്പനികൾക്ക് നേരെ ഈ ആഴ്ച നടക്കുന്ന തുടർച്ചയായ ബോംബ് ഭീഷണികളിൽ ഒന്നാണിത്. നേരത്തെ ലോട്ട്, എസ്.എ.എസ്, വിസ് എയർ, റയൻ എയർ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾക്കും സമാനമായ ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. ലണ്ടനിൽ നിന്ന് പോയ മറ്റൊരു വിമാനം വാർസോയിൽ അടിയന്തരമായി ഇറക്കിയതും സമീപ ദിവസങ്ങളിലാണ്. ഇതുവരെയുള്ള ഒരു സംഭവത്തിലും സ്ഫോടകവസ്തുക്കൾ കണ്ടെത്തുകയോ യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെങ്കിലും, ഇത് വിമാനയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള കടുത്ത ആശങ്കകൾ ഉയർത്തുന്നുണ്ട്. നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളിൽ യൂറോപ്പിൽ അട്ടിമറി ശ്രമങ്ങൾ, ഡ്രോണുകളുടെ നുഴഞ്ഞുകയറ്റം, വ്യാജ ബോംബ് ഭീഷണികൾ എന്നിവ വർധിച്ചുവരുന്നതായി സുരക്ഷാ ഏജൻസികൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.