
Parcel delivery safety;.അപരിചിതമായ പാഴ്സലുകൾ ഏറ്റുവാങ്ങുന്നത് സൗദി അറേബ്യയിൽ എത്രത്തോളം അപകടകരമാണെന്നതിന്റെ നേർചിത്രമാണ് ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഷംസിന്റെ ജീവിതത്തിൽ സംഭവിച്ചത്. മറ്റൊരാളുടെ വാക്ക് വിശ്വസിച്ച് ചെയ്ത ചെറിയൊരു സഹായം ഈ യുവാവിനെ എത്തിച്ചത് 20 വർഷത്തെ കഠിന തടവിലേക്കായിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിക്കപ്പെട്ടപ്പോൾ അതൊരു വലിയ തിരിച്ചറിവാണ് പ്രവാസികൾക്ക് നൽകുന്നത്. അൽഖർജ് മേഖലയിലെ ഒരു വക്കാലയിൽ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് ഷംസ്. സ്പോൺസറുടെ മകന്റെ നിർദേശപ്രകാരം, കടയ്ക്കു മുന്നിലെത്തിയ ഒരു വാഹനം ഇറക്കി വെക്കാൻ അദ്ദേഹം തയ്യാറായി. പരിചയമുള്ളവരുടെ നിർദേശമായതിനാൽ സംശയം തോന്നിയിരുന്നില്ല. എന്നാൽ, ആ പാഴ്സലുകൾക്കുള്ളിൽ ഒളിപ്പിച്ചിരുന്നത് മാരകമായ ലഹരിമരുന്നുകളായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സിഐഡി സംഘം ലഹരിമരുന്ന് പിടികൂടുകയും, പാഴ്സൽ ഏറ്റുവാങ്ങിയ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്പോൺസറുടെ മകൻ നൽകിയ നിർദേശപ്രകാരമാണ് സാധനങ്ങൾ സൂക്ഷിച്ചതെന്ന് തൊഴിലാളികൾ വിശദീകരിച്ചെങ്കിലും നിയമം അതൊന്നും കണക്കിലെടുത്തില്ല. ലഹരിമരുന്ന് കേസിൽ പ്രതികളായ ഇവർക്ക് കോടതി 20 വർഷത്തെ കഠിന തടവ് വിധിക്കുകയായിരുന്നു.
മകൻ നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിച്ച പിതാവ് അൻസാരി, കേളി കലാ സാംസ്കാരിക വേദിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിയമനടപടികൾ ആരംഭിച്ചു. തുടർച്ചയായ എട്ടുമാസത്തെ തെളിവുശേഖരണത്തിനും നാലുമാസത്തെ നിയമപോരാട്ടത്തിനുമൊടുവിൽ, മുഹമ്മദ് ഷംസിന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെട്ടു. ഇതോടെ, ഇരുട്ടറയിൽ നിന്ന് ആ യുവാവിന് മോചനം ലഭിക്കുകയും ചെയ്തു. സൗദിയിലെ കർശന നിയമങ്ങൾ പ്രകാരം, പാഴ്സലിനുള്ളിൽ എന്താണെന്നറിയാതെ അത് കൈമാറ്റം ചെയ്യുന്നതും സൂക്ഷിക്കുന്നതും വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ‘എനിക്ക് അറിയില്ലായിരുന്നു’ എന്ന വാദം പലപ്പോഴും കോടതിയിൽ വിലപ്പോകില്ല. അതിനാൽ, മറ്റൊരാളുടെ നിർദേശപ്രകാരം സാധനങ്ങൾ ഏറ്റുവാങ്ങുമ്പോഴും കൈമാറുമ്പോഴും അതീവ ജാഗ്രത പുലർത്തണമെന്ന് ഈ സംഭവം ഓരോ പ്രവാസിയെയും ഓർമ്മിപ്പിക്കുന്നു.