എംബിഎ പഠിക്കാൻ ലണ്ടനിലേക്ക് പോയി, ആരുമറിയാതെ ഇന്ത്യയിലേക്ക് മടക്കം; ഇന്ത്യൻ യുവതി നാട്ടിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Indian woman mystery death; എംബിഎ പഠനത്തിനായി ലണ്ടനിലേക്ക് പോയ യുവതി മാസങ്ങൾക്ക് മുൻപ് കുടുംബത്തെ അറിയിക്കാതെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ പിന്നീട് പൂനെയിലെ വാടക ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്രപതി സാംബാജിനഗർ സ്വദേശിനിയായ മുഗ്ധ ദേശ്മുഖ് (34) ആണ് മരിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് മുഗ്ധ എംബിഎ പഠനത്തിനായി യുകെയിലെത്തിയത്. ലണ്ടനിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി പാർട്ട് ടൈം ജോലികളും ചെയ്തിരുന്നു. കുടുംബവുമായി ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും, ഇന്ത്യയിലേക്ക് മടങ്ങിയ വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഒക്ടോബർ 24 മുതൽ മുഗ്ധയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് കുടുംബം ആശങ്കയിലായത്. ഒക്ടോബർ 22നായിരുന്നു കുടുംബവുമായി അവസാനമായി സന്ദേശം കൈമാറിയത്. തുടർന്ന് ലണ്ടനിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ട കുടുംബം യുവതിയെ കണ്ടെത്താൻ സഹായം തേടി. സുഹൃത്ത് ലണ്ടൻ പൊലീസിൽ പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിലാണ് മുഗ്ധ ഓഗസ്റ്റ് അവസാനത്തോടെ യുകെ വിട്ടതായി വ്യക്തമായത്.

ഇതിനിടെ മുഗ്ധയെ കണ്ടെത്തുന്നതിനായി കുടുംബം ഇന്ത്യൻ അധികൃതരെയും ഇന്ത്യൻ ഹൈക്കമ്മീഷനെയും സമീപിച്ചു. പിതാവ് യുവതിയുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഒക്ടോബർ 8നും 25നും ഇടയിൽ നിരവധി ഫുഡ് ഡെലിവറി ഇടപാടുകൾ നടന്നിരുന്നു. ഇതിൽ ചിലത് ഛത്രപതി സാംബാജിനഗറിലെ ഒസ്മാൻപുര പ്രദേശത്തുനിന്നുള്ളതായിരുന്നു. ഇതോടെ മുഗ്ധ ഇന്ത്യയിൽ തന്നെയുണ്ടാകാമെന്ന സംശയം കുടുംബത്തിനുണ്ടായി. തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് മുഗ്ധ പൂനെയിലെ ഗഹുഞ്ചെയിലുള്ള ലോധ ബെൽമോണ്ടോ സമുച്ചയത്തിലെ ഫ്ലാറ്റിൽ താമസിക്കുന്നതായി കണ്ടെത്തിയത്. പൊലീസ് ഫ്ലാറ്റിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഏപ്രിലിൽ തന്നെ മുഗ്ധ ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നെങ്കിലും ഓഗസ്റ്റ് മുതലാണ് അവിടെ താമസം ആരംഭിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy