ഈ ബാങ്കിൽ അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ 1 മുതൽ പണം പിൻവലിക്കുമ്പോൾ ഇക്കാര്യം ഓർക്കണം!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)യുടെ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ടുകളിലെ പണം പിൻവലിക്കൽ ചട്ടങ്ങളിൽ മാറ്റം. 2026 ഒക്ടോബർ 1 മുതൽ പുതിയ സേവന നിരക്കുകൾ പ്രാബല്യത്തിൽ വരും. പുതിയ വ്യവസ്ഥ പ്രകാരം, BSBD അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ നാല് തവണ മാത്രമാണ് സൗജന്യമായി പണം പിൻവലിക്കാൻ കഴിയുക. നാലു സൗജന്യ ഇടപാടുകൾക്ക് ശേഷം നടത്തുന്ന ഓരോ അധിക പിൻവലിക്കലിനും 15 രൂപയും ജിഎസ്ടിയും ബാങ്ക് ഈടാക്കും.

SBI എടിഎമ്മുകൾ, മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ, ബാങ്ക് ശാഖകളിൽ നേരിട്ട് നടത്തുന്ന പണം പിൻവലിക്കൽ എന്നിവയ്ക്കൊപ്പം ആധാർ അധിഷ്ഠിത AePS ഇടപാടുകളും ഇനി ഈ നാല് ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടും. നിലവിൽ AePS വഴിയുള്ള പണം പിൻവലിക്കലുകൾ നാല് സൗജന്യ ഇടപാടുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഒക്ടോബർ 1 മുതൽ ഈ ഇളവ് ഉണ്ടാകില്ല.

ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് എടിഎം വഴിയും ബാങ്ക് ശാഖ വഴിയും മൂന്ന് തവണ പണം പിൻവലിക്കുകയും AePS വഴി ഒരുതവണ കൂടി പിൻവലിക്കുകയും ചെയ്താൽ നാല് സൗജന്യ ഇടപാടുകളുടെ പരിധി പൂർത്തിയാകും. തുടർന്ന് നടത്തുന്ന അഞ്ചാമത്തെ പിൻവലിക്കലിന് 15 രൂപയും ജിഎസ്ടിയും നൽകേണ്ടിവരും. അതേസമയം, UPI, NEFT, RTGS, IMPS തുടങ്ങിയ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇത്തരം ഡിജിറ്റൽ ഇടപാടുകൾ തുടർന്നും സൗജന്യമായി നടത്താനാകുമെന്ന് SBI വ്യക്തമാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy