Indian Passport; ഇന്ത്യൻ പൗരൻമാർക്ക് നൽകുന്ന പാസ്പോർട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോർട്ട് സേവാ ദിവസിനോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ പ്രഖ്യാപനം നടത്തിയത്.പൗരത്വത്തിന്റെ കൃത്യമായ തെളിവ് എന്താണെന്നതിനെക്കുറിച്ച് ‘എക്‌സ്’ (x)ൽ പങ്കുവെച്ച ഈ പ്രസ്താവന വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഇതുവരെ വ്യക്തമായ പരിഹാരം കാണാത്ത ഒരു തർക്കവിഷയമാണിത്. 2025-ൽ മാത്രം ഇന്ത്യ 13.9 ദശലക്ഷം പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്തെ പാസ്‌പോർട്ട് സേവനങ്ങളുടെ പുരോഗതിയെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രശംസിച്ചു. 1967-ലെ പാസ്‌പോർട്ട് നിയമത്തിന്റെ വാർഷികമാണ് ഈ ദിനമെന്നും, പാസ്‌പോർട്ട് വിതരണ സംവിധാനങ്ങൾ ആധുനികവൽക്കരിച്ചതിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം എക്‌സിൽ (X) കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്’ എന്ന കാഴ്ചപ്പാടാണ് പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ വിജയത്തിന് പിന്നിലെ ചാലകശക്തിയെന്ന് ജയശങ്കർ പറഞ്ഞു. പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ നവീകരിച്ച പതിപ്പ് (PSP V2.0) ആഭ്യന്തരമായും, ഗ്ലോബൽ പാസ്‌പോർട്ട് സേവാ പ്രോഗ്രാം (GPSP V2.0) ലോകമെമ്പാടുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലും നടപ്പിലാക്കാൻ സാധിച്ചത് ഡിജിറ്റൽ രംഗത്തെ വലിയ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ (e-Passports) പുറത്തിറക്കിയതാണ് ഈ സാങ്കേതിക മാറ്റത്തിലെ പ്രധാന സവിശേഷതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
545 കേന്ദ്രങ്ങൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി മന്ത്രാലയം അറിയിച്ചു. പത്ത് വർഷം മുൻപ് രാജ്യത്ത് 77 കേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 545 കേന്ദ്രങ്ങളുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 16-ൽ (2019) നിന്ന് 27 ആയി വർധിച്ചു. നിലവിൽ 47 രാജ്യങ്ങൾ ഇന്ത്യക്കാർക്ക് ‘വിസ ഓൺ അറൈവൽ’ സൗകര്യം നൽകുന്നുണ്ട്. 66 രാജ്യങ്ങൾ ഇലക്ട്രോണിക് വിസ (e-visa) സൗകര്യവും നൽകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങളുമായുള്ള മൊബിലിറ്റി കരാറുകൾ വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, ബിസിനസുകാർ എന്നിവർക്ക് എളുപ്പത്തിലുള്ള യാത്രകൾ ഉറപ്പാക്കുന്നു. അതോടൊപ്പം നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള കാര്യക്ഷമമായ സംവിധാനവും ഇതിലൂടെ സാധ്യമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.