Posted By christymariya Posted On

ഇ-സ്കൂട്ടർ പെർമിറ്റ് ഇനി വിരൽത്തുമ്പിൽ; സുരക്ഷ കടുപ്പിച്ച് ദുബായ് ആർടിഎ

നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ യാത്രികരുടെ സുരക്ഷ ശക്തമാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ഇ-സ്കൂട്ടർ ഡ്രൈവിങ് പെർമിറ്റുകൾക്ക് ഇനി ആർടിഎ ദുബായ് ആപ്പ്, ദുബായ് നൗ ആപ്പ് എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഓൺലൈനായി അപേക്ഷിക്കാമെന്ന് ആർടിഎ അറിയിച്ചു. ചെറിയ ദൂരയാത്രകൾക്കായി ഇ-സ്കൂട്ടറുകളുടെ ഉപയോഗം വ്യാപകമായതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. അംഗീകൃത ട്രാക്കുകളിലൂടെ മാത്രമേ യാത്ര അനുവദിക്കൂ എന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാതെയും നിശ്ചിത പ്രായപരിധി ലംഘിച്ചും സ്കൂട്ടർ ഓടിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അടുത്തിടെ ദുബായ് പൊലീസും ആർടിഎയും സംയുക്തമായി ഇ-സ്കൂട്ടർ യാത്രികർക്കെതിരെ പരിശോധന ശക്തമാക്കിയിരുന്നു. കൈറ്റ് ബീച്ച് പരിസരത്ത് സ്പോർട്സ് ട്രാക്കുകളിലും നടപ്പാതകളിലും അപകടകരമായി സ്കൂട്ടർ ഓടിച്ച 90 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗത്തിൽ ഇ-സ്കൂട്ടർ ഓടിച്ച സംഭവങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ വർഷം ജനുവരി മുതൽ മേയ് വരെ ഇ-സ്കൂട്ടർ അപകടങ്ങളിലും റോഡ് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ വീഴ്ചകളിലും പെട്ട് 13 പേർ മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. നിയമലംഘനങ്ങൾ വർധിച്ചതിനെ തുടർന്ന് വിക്ടറി ഹൈറ്റ്സ്, ജുമൈറ ബീച്ച് റസിഡൻസ് എന്നിവിടങ്ങൾ ഉൾപ്പെടെയുള്ള ചില ജനവാസ മേഖലകളിൽ ഇ-സ്കൂട്ടറുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദ യാത്രാമാർഗമായ ഇ-സ്കൂട്ടറുകളുടെ ദുരുപയോഗം അനുവദിക്കില്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ വീണ്ടും വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *