
എഐ ചാറ്റ്ബോട്ടിന് ഇനിമുതൽ വരിസംഘ്യ; പുതിയ മാറ്റവുമായി മെറ്റ
മെറ്റ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ടായ മെറ്റ എഐ വാട്സ്ആപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ മെറ്റ എഐയ്ക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. മെറ്റ എഐ ഉപയോഗിക്കാൻ ഉടൻ തന്നെ വരിസംഘ്യ നൽകേണ്ടി വരുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. ഈ വർഷം രണ്ടാം പാദത്തോടെ പരീക്ഷണം ആരംഭിക്കുമെന്നാണ് വിവരം. 2023 സെപ്റ്റംബറിൽ ആരംഭിച്ച മെറ്റ എഐ, വിവിധ ജോലികൾക്കായി വലിയ ഭാഷാ മോഡലുകൾ ഉപയോഗിക്കുന്ന ഒരു വെർച്വൽ അസിസ്റ്റന്റാണ്.
അതേസമയം, എഐ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന്റെ ഭാഗമായി ഈ വർഷം 65 ബില്യൺ ഡോളർ കമ്പനി ചെലവഴിക്കാൻ പദ്ധതിയിടുന്നതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചിരുന്നു. എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഫിസിക്കൽ ടാസ്കുകളിൽ സഹായിക്കാൻ കഴിയുന്ന എഐ- പവർഡ് ഹ്യൂമനോയിഡ് റോബോട്ടുകൾ വികസിപ്പിക്കുന്നതിനായി മെറ്റ റിയാലിറ്റി ലാബ്സ് യൂണിറ്റിനുള്ളിൽ പുതിയ ഡിവിഷൻ ആരംഭിക്കുന്നതായി ഈ മാസം ആദ്യം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതേസമയം എഐ മേഖല ശക്തിപ്പെടുത്തുന്നതിനായി മെറ്റയുടെ എതിരാളികളായ ഓപ്പൺ എഐ, ഗൂഗിൾ തുടങ്ങി ഭീമന്മാരും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
Comments (0)