Posted By user Posted On

യുഎഇയില്‍ കൊതുക് ശല്യം വർദ്ധിക്കുന്നു; ഉന്മൂലനം ചെയ്യാനുള്ള വഴി തേടി അധികൃതര്‍

യുഎഇയില്‍ മൂട്ടകളുടെ സ്ഥാനം ഏറ്റെടുത്ത് കൊതുകുകള്‍. അടുത്ത കാലത്തായി രാജ്യത്ത് കൊതുകുശല്യം വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അതാണ് സൂചിപ്പിക്കുന്നത്. മൂട്ടകളായിരുന്നു ഒരു കാലത്ത് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ ഉറക്കം കെടുത്തിയിരുന്നത്. വിഷവസ്തുക്കള്‍ പ്രയോഗിച്ചും മറ്റും മൂട്ടയെ തുരത്തുന്നതില്‍ പരാജയപ്പെട്ട് താമസം മാറിക്കൊണ്ടേയിരുന്നവര്‍, പ്രത്യേകിച്ച് ബാച്ലര്‍മാര്‍ അന്നത്തെ പതിവു കാഴ്ചകളായിരുന്നു. അനധികൃത വിഷപ്രയോഗം നടത്തിയുണ്ടായ അപകടങ്ങളില്‍ മലയാളികള്‍ക്ക് ഉള്‍പ്പെടെ ജീവാപായവുമുണ്ടായിട്ടുണ്ട്. കാലക്രമേണ മൂട്ടശല്യം കുറഞ്ഞു. ഇപ്പോഴിതാ നാട്ടിലെ പ്രധാന ശത്രുക്കളിലൊരു വിഭാഗമായ കൊതുകുകള്‍ യുഎഇയില്‍ മൂളിപ്പറക്കുന്നു.
കൊതുകുകളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ അവയെ കണ്ടാലും പ്രജനന സാധ്യതയുള്ള സ്ഥലങ്ങളും റിപോര്‍ട്ട് ചെയ്യാന്‍ അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. അടുത്തിടെയായി യുഎഇയില്‍ കൊതുകുകളെ കൂടുതലായി കണ്ടെത്തിവരുന്നതായും ഇത്തരം റിപ്പോര്‍ട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായും പറഞ്ഞു. ഏപ്രില്‍ മധ്യത്തിലും മേയ് ആദ്യവാരത്തിലുമുണ്ടായ കനത്ത മഴയ്ക്ക് ശേഷമാണ് കൊതുകുകളുടെ വര്‍ധനവ്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും കാലാവസ്ഥാ സാഹചര്യവുമാണ് വര്‍ധനവിന് കാരണമെന്ന് മന്ത്രാലയത്തിലെ മുനിസിപ്പല്‍ അഫയേഴ്‌സ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഒതൈബ സഈദ് അല്‍ ഖായ്ദി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം കൊതുകുകളുടെ വ്യാപനത്തിലും സ്വഭാവത്തിലും മാറ്റം വരുത്തുന്നതായി കണ്ടു. മഴവെള്ളം പുതിയ പ്രജനന ആവാസ വ്യവസ്ഥകള്‍ സൃഷ്ടിക്കാനാകുമെങ്കിലും ചൂടേറിയ താപനില കൊതുകുകളുടെ പ്രജനനകാലം വര്‍ധിപ്പിക്കും. ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷത്തിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി കൊതുക് വളരുന്നു. കഴിഞ്ഞ ഏപ്രില്‍ 16ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചപ്പോള്‍ രാജ്യത്തുടനീളം പല ഭാഗങ്ങളിലും വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമായി. കുളങ്ങള്‍, ശരിയായി വറ്റാത്ത പൂച്ചട്ടികള്‍ എന്നിങ്ങനെ വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങള്‍ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറുമെന്നും ഒതൈബ പറഞ്ഞു.

കൊതുകുകളുടെ ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള നിശ്ചലമായ ജലാശയങ്ങള്‍ തിരിച്ചറിയാന്‍ മന്ത്രാലയം ചില പൊടിക്കൈകള്‍ നിര്‍ദേശിക്കുന്നു: വലിച്ചെറിഞ്ഞ ടയറുകളിലോ ക്യാനുകളിലോ പൂച്ചട്ടികളിലോ ഉള്ള ചെറിയ വെള്ളക്കെട്ടുകള്‍. വീപ്പകള്‍, ബക്കറ്റുകള്‍ തുടങ്ങിയ പാത്രങ്ങള്‍ മൂടിവയ്ക്കാതെ വയ്ക്കുന്നതും കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാകും. കുളങ്ങള്‍, ചതുപ്പുകള്‍, തടാകങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക.
താല്‍ക്കാലികമായി വെള്ളം ശേഖരിക്കുന്നതിനായി നിര്‍മാണ സൈറ്റുകള്‍ പലപ്പോഴും കുഴികളും ചാലുകളും ടാങ്കുകളും ഉപയോഗിക്കുന്നു. കൊതുകുകള്‍ പെരുകാതിരിക്കാന്‍ ഈ പ്രദേശങ്ങള്‍ പതിവായി പരിപാലിക്കേണ്ടതുണ്ട്. മൂടാത്ത സെപ്റ്റിക് ടാങ്കുകള്‍. ഉപയോഗിക്കാത്ത നീന്തല്‍ക്കുളങ്ങള്‍, അലങ്കാര കുളങ്ങള്‍, ജലധാരകള്‍. അടഞ്ഞ ഗട്ടറുകള്‍, ശരിയായി പരിപാലിക്കാത്ത ഡ്രെയിനേജ് ചാലുകള്‍ ഇവയും കൊതുകുകളുടെ സൈ്വര്യവിഹാരത്തിന് കാരണമാകുന്നു.
കുറേക്കാലമായി വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങള്‍ കണ്ടാല്‍ 8003050 ടോള്‍ഫ്രീ നമ്പരില്‍ അധികൃതരെ അറിയിക്കണം. കൊതുക് പെരുകല്‍ കൂടുതലുള്ള പ്രദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും പാര്‍പ്പിട, ഓഫീസ് പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ കൊതുക് കടിയേല്‍ക്കുന്നതിനുള്ള സാധ്യതയും കൊതുക് പരത്തുന്ന രോഗങ്ങള്‍ പകരാനുള്ള സാധ്യതയും ഗണ്യമായി കുറയ്ക്കാന്‍ കഴിയും. കൈ കാലുകള്‍ മറയ്ക്കുന്ന സംരക്ഷണ വസ്ത്രങ്ങള്‍ ധരിച്ചും രാത്രി കിടക്കുമ്പോള്‍ വല ഉപയോഗിച്ചും കൊതുകു കടിയില്‍ നിന്ന് രക്ഷപ്പെടാം. പൂന്തോട്ടങ്ങളും മുറ്റങ്ങളും പതിവായി വൃത്തിയാക്കുകയും ഈ പ്രദേശങ്ങളില്‍ വെള്ളം അടിഞ്ഞുകൂടുന്നത് ഒഴിവാക്കുകയും ചെയ്താല്‍ വളരെയധികം സഹായകമാകും. കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാവരോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. മൂടിയില്ലാതെ പുറത്ത് വച്ചിരിക്കുന്ന പാത്രങ്ങളില്‍ മഴവെള്ളം ബാക്കിയാകാതെ ശ്രദ്ധിക്കണം. കൊതുകുകളുടെ പ്രജനനവും വ്യാപനവും തടയുന്നതില്‍ സ്വകാര്യ നീന്തല്‍ക്കുളങ്ങളുടെ നിരന്തര നിരീക്ഷണവും നിര്‍ണായകമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *