മികച്ച അവസരവുമായി ദുബായ്; ഗോള്‍ഡന്‍ വിസ രീതിയില്‍ 10 വര്‍ഷം സാധുതയുള്ള പുതിയ വിസ
ഗോള്‍ഡന്‍ വീസ പോലെ 10 വര്‍ഷം സാധുതയുള്ള പുതിയ വിസയുമായി ദുബായ്. ‘ദുബായ് ഗെയിമിങ് വീസ’ എന്നാണ് ഈ പുതിയ വീസയ്ക്ക് പേരിട്ടിരിക്കുന്നത്. ഇ-ഗെയിമിങ് മേഖലയിലെ സ്രഷ്ടാക്കളെയും പ്രശസ്തരെയും ആകര്‍ഷിക്കാനാണ് പുതി വിസയിലൂടെ ലക്ഷ്യമിടുന്നത്. നൂതന ആശയങ്ങളെ വിജയകരമായ പദ്ധതികളാക്കി മാറ്റാന്‍ സഹായിക്കുന്ന നിരവധി നിക്ഷേപ അവസരങ്ങള്‍ ഈ സംരംഭം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇ-ഗെയിമിങ് പ്രഫഷനലുകളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
2026 ലക്ഷ്യം വെച്ചാണ് ഈ നടപടികള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച ‘ഗെയിം ഫോര്‍ ഗെയിമിങ് 2033’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഈ പദ്ധതി ദുബായുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ജിഡിപി 2033-ഓടെ ഏകദേശം 1 ബില്യന്‍ ഡോളര്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ദുബായ് കള്‍ച്ചര്‍ വെബ്‌സൈറ്റ് വഴിയോ https://dubaigaming.gov.ae/ വഴിയോ ദുബായ് ഗെയിമിങ് വീസയ്ക്ക് അപേക്ഷിക്കാം. ഈ വീസയ്ക്ക് അപേക്ഷിക്കാന്‍ അനുവദനീയമായ പ്രായം 25 വയസ്സും അതില്‍ കൂടുതലുമാണ്.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ദുബായ് ഗെയിമിങ് വീസയെന്ന് ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി (ദുബായ് കള്‍ച്ചര്‍) ഡയറക്ടര്‍ ജനറല്‍ ഹാല ബദ്രി പറഞ്ഞു. സംരംഭകര്‍, നിക്ഷേപകര്‍, ഗെയിം ഡെവലപ്പര്‍മാര്‍, ഡിസൈനര്‍മാര്‍, പ്രോഗ്രാമര്‍മാര്‍ എന്നിവര്‍ക്ക് പ്രധാന ലക്ഷ്യസ്ഥാനമായി മാറുന്നതിലൂടെ എമിറേറ്റിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കാന്‍ ഈ വീസ സഹായിക്കും.
സമഗ്രമായ വികസനത്തിനും ക്രിയാത്മക സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്കും സഹായിക്കുന്ന പദ്ധതികളെ ഈ വീസ പിന്തുണയ്ക്കും. ചിന്തകരെയും ഉയര്‍ന്ന വൈദഗ്ധ്യമുള്ള വ്യക്തികളെയും ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ദുബായ് തുടരുകയാണെന്ന് ബദ്രി കൂട്ടിച്ചേര്‍ത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)