Posted By user Posted On

പ്രവാസികൾക്ക് തിരിച്ചടി; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാൻ ഫീസ് കൂട്ടി, 15 ശതമാനം വർദ്ധനവ്

പ്രവാസികള്‍ക്ക് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാൻ ചെലവേറും. യുഎഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളാണ് ഫീസ് വർദ്ധിപ്പിക്കുന്നത്. പണമയക്കുമ്പോൾ ഈടാക്കുന്ന ഫീസ് 15 ശതമാനം വർധിപ്പിക്കാൻ മണി എക്സ്ചേഞ്ചുകൾക്ക് അനുമതി ലഭിച്ചു. ഓരോ ഇടപാടിനും രണ്ടര ദിർഹം വരെ അഥവാ 56 രൂപവരെ പ്രവാസികൾ അധികം നൽകേണ്ടി വരും. എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ ശാഖകൾ വഴി നടത്തുന്ന ഇടപാടുകള്‍ക്ക് ആയിരിക്കും ഫീസ് വര്‍ദ്ധനവ് ബാധകമാവുന്നത്. എന്നാൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഓൺലൈൻ വഴിയുമൊക്കെ നടക്കുന്ന പണമിടപാടുകള്‍ക്ക് ഫീസ് വര്‍ദ്ധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റൽ രംഗത്ത് സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഫീസ് കുറയ്ക്കാനും സാധ്യതയുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവർ പറയുന്നു.

വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവുമധികം പണമിടപാടുകള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇന്ത്യ, ഈജിപ്ത്. പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലേക്കും മറ്റ് ഏഷ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കുമാണ് യുഎഇയിൽ നിന്ന് ഏറ്റവുമധികം പണം അയക്കപ്പെടുന്നത്. ഏറ്റവുമധികം വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. രാജ്യത്തിന്റെ ജനസംഖ്യയുടെ 85 ശതമാനത്തോളം വിദേശികളാണെന്നാണ് ഔദ്യോഗിക കണക്കുകൾ. പതിനഞ്ച് ശതമാനം ഫീസ് വർധിപ്പിക്കുമ്പോൾ 1000 ദിർഹമിന് മുകളിൽ അയക്കാൻ നിലവിൽ ഈടാക്കുന്ന 23 ദിർഹം 25.5 ദിർഹമായി ഉയരും. ആയിരം ദിർഹത്തിന് താഴെ പണമയക്കുന്നവർക്കുള്ള ഫീസ് 17.5 ദിർഹമിൽ നിന്ന് 20 ദിർഹമായും വർധിപ്പിക്കും. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് പണമയക്കാനുള്ള ഫീസിൽ വർധനയുണ്ടാവുന്നതെന്ന് എക്സ്ഞ്ചേ അധികൃതർ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *