
police helicopter shooting; മെക്സിക്കൻ അതിർത്തി നഗരമായ മാറ്റാമോറോസിൽ ലഹരി മാഫിയയെ പിടികൂടുന്നതിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ ഏഴ് വയസ്സുള്ള അമേരിക്കൻ ബാലിക ദാരുണമായി കൊല്ലപ്പെട്ടു. ഒക്ടോബർ അവസാന വാരമുണ്ടായ സംഭവത്തിൽ അരാൻസ ഐഡലാനി എന്ന കുട്ടിയാണ് മരിച്ചത്. കുടുംബത്തോടൊപ്പം പിക്ക്-അപ്പ് ട്രക്കിൽ സഞ്ചരിക്കുകയായിരുന്നു അരാൻസ. ലഹരി മാഫിയ തലവൻ അൽഫ്രഡോ കാർഡെനാസ് റോഡ്രിഗസിനെ പിടികൂടിയതിനെത്തുടർന്ന് പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു. ഈ സമയത്ത് ആകാശത്തുണ്ടായിരുന്ന പൊലീസ് ഹെലികോപ്റ്ററിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പാണ് ദുരന്തത്തിൽ കലാശിച്ചത്. തങ്ങൾ സാധാരണക്കാരാണെന്നും ലഹരി സംഘങ്ങളുമായി ബന്ധമില്ലെന്നും കുടുംബം പലതവണ അപേക്ഷിച്ചെങ്കിലും ഹെലികോപ്റ്ററിൽ നിന്ന് വെടിവയ്പ്പ് തുടരുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ ക്ലോഡിയ പാർഡോ ഗാർഷ്യ മാധ്യമങ്ങളോട് പറഞ്ഞു. വെടിവയ്പ്പിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അമ്മയുടെ കാലിനും വെടിയേറ്റു. അരാൻസയുടെ നിലവിളി അവഗണിച്ചുകൊണ്ട് പൊലീസ് വെടിവയ്പ്പ് തുടർന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പൊലീസുകാർക്കെതിരെ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. നിരപരാധിയായ ഒരു ബാലികയുടെ ജീവൻ പൊലീസിന്റെ അനാസ്ഥ മൂലം നഷ്ടപ്പെട്ടത് രാജ്യാന്തര തലത്തിൽ തന്നെ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.