
NRI youth attacked and robbed; റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുകയായിരുന്ന പ്രവാസി യുവാവിനു നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. ദുബായിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ കുറിച്ചിലക്കോട് മാനപ്പിള്ളിൽ ജോഫിൻ ജിജുവിനാണ് (28) വഴിയിൽവെച്ച് ക്രൂരമർദനമേറ്റത്. ആക്രമണത്തിൽ ജോഫിന്റെ മൂന്ന് വാരിയെല്ലുകൾ ഒടിയുകയും കൈയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് ട്രെയിൻ കയറാനായി ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് ജോഫിൻ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചത്. കോടനാട്ടെ വീട്ടിൽനിന്ന് ബസിൽ അങ്കമാലിയിലും അവിടെനിന്ന് മറ്റൊരു ബസിൽ ബൈപ്പാസിലുമിറങ്ങി. തുടർന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ബാങ്ക് ജംക്‌ഷൻ വഴി സിവിൽ സ്റ്റേഷൻ റോഡിലൂടെ കണ്ടെയ്നർ ഗുഡ്സ് ടെർമിനലിലേക്കുള്ള വിജനമായ വഴിയിലൂടെ നടക്കുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന ട്രാൻസ്‌ജൻഡർമാരുടെ സമീപത്ത് നിന്നിരുന്ന രണ്ടുപേർ പെട്ടെന്ന് ജോഫിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിൽ കയറിട്ട് കുരുക്കി നിലത്തു വീഴ്ത്തിയ അക്രമികൾ തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ചു. തുടർന്ന് സമീപത്തെ കനാലിലേക്ക് ചവിട്ടിത്തള്ളിയ ശേഷം നെഞ്ചിലും കല്ലുകൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു. ആക്രമണത്തിൽ വാരിയെല്ലുകൾ തകർന്നതിനൊപ്പം ശ്വാസകോശത്തിന് കുത്തേറ്റതുപോലുള്ള പരുക്കുമുണ്ട്. ജോഫിന്റെ പക്കലുണ്ടായിരുന്ന അയ്യായിരം രൂപയും കഴുത്തിലണിഞ്ഞിരുന്ന മൂന്ന് പവനോളം വരുന്ന സ്വർണമാലയും മറ്റ് സാധനങ്ങളും തട്ടിയെടുത്താണ് അക്രമികൾ കടന്നുകളഞ്ഞത്.
പ്രദേശത്ത് ഇത്തരം സാമൂഹികവിരുദ്ധ അക്രമങ്ങളും കവർച്ചകളും പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സന്ധ്യ കഴിഞ്ഞാൽ വിജനമാകുന്ന ഈ വഴിയിൽ യാത്രക്കാരെയും സ്ത്രീകളെയും ലഹരിസംഘങ്ങൾ നിരന്തരം ഭീഷണിപ്പെടുത്താറുണ്ട്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതും മുൻപ് ഇവിടെ നടന്ന ഒരു കൊലപാതകത്തിന് ശേഷം സ്ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതുമാണ് അക്രമികൾക്ക് താവളമൊരുക്കുന്നത്. രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ മതിയായ തെരുവ് വിളക്കുകളും ശക്തമായ പൊലീസ് പട്രോളിങ്ങും ഏർപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ ഇവരെ പിടികൂടുമെന്ന് റൂറൽ എസ്പി ഉറപ്പുനൽകിയതായും എംഎൽഎ അൻവർ സാദത്ത് അറിയിച്ചു. നിലവിൽ യുഎസിലുള്ള എംഎൽഎ, നഗരസഭയുമായി ചേർന്ന് ഇരുട്ടുനിറഞ്ഞ ഈ ഭാഗങ്ങളിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും സുരക്ഷാ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാനും നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.