
Dubai Riyadh Flight Suspension; പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളും അനിശ്ചിതത്വവും കണക്കിലെടുത്ത് ദുബായ്, റിയാദ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി ഹോങ്കോങ്ങ് എയർലൈനായ കാഥേ പസഫിക് . നവംബർ 30 വരെയുള്ള സർവീസുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഡിസംബർ മാസത്തിന് ശേഷമേ സർവീസുകൾ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്ന് കമ്പനി അറിയിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് എയർലൈൻ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കിയത് മൂലം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് തുക തിരികെ നൽകുക, അല്ലെങ്കിൽ മറ്റ് റൂട്ടുകളിലേക്ക് ടിക്കറ്റ് മാറ്റുക തുടങ്ങിയ ഓപ്ഷനുകൾ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. ഈ വർഷം ഫെബ്രുവരി 28-നാണ് കാഥേ പസഫിക് ദുബായിലേക്കും റിയാദിലേക്കുമുള്ള സർവീസുകൾ ആദ്യമായി നിർത്തിവെച്ചത്. സെപ്റ്റംബർ ഒന്നിന് സർവീസുകൾ പുനരാരംഭിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് ഒക്ടോബറിലേക്കും ഇപ്പോൾ നവംബർ അവസാനത്തേക്കും നീട്ടുകയായിരുന്നു. റിയാദിലേക്കുള്ള ചരക്ക് വിമാന സർവീസുകളും തൽക്കാലം പുനരാരംഭിക്കില്ല. മേഖലയിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷിതമായ സാഹചര്യം ഒരുങ്ങിയാൽ മാത്രമേ യാത്ര, ചരക്ക് വിമാനങ്ങൾ വീണ്ടും പറത്തുകയുള്ളൂ എന്നും കാഥേ പസഫിക് വ്യക്തമാക്കി. അതേസമയം, എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ വിമാനക്കമ്പനികൾ ഹോങ്കോങ്ങിൽ നിന്ന് ദുബായ്, ദോഹ എന്നിവിടങ്ങളിലേക്ക് നിലവിൽ സർവീസുകൾ തുടരുന്നുണ്ട്.