
Postpartum Depression; നീണ്ട 24 വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിൽ ഐവിഎഫ് (IVF) ചികിത്സയിലൂടെ ലഭിച്ച കണ്മണികളെ അമ്മ കൊലപ്പെടുത്തിയ വാർത്തയുടെ നടുക്കത്തിലാണ് ഒരു നാട്. നാല് മാസം മാത്രം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബംഗളുരു വജ്രഹള്ളി സ്വദേശിനിയായ ഉമാദേവി (40) ആണ് തന്റെ ചോരക്കുഞ്ഞുങ്ങളെ ഇല്ലാതാക്കി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്. 2002-ലായിരുന്നു ഉമാദേവിയുടെയും രാമലിംഗപ്പയുടെയും വിവാഹം. കുട്ടികളില്ലാതിരുന്ന ദമ്പതികൾക്ക് ഏറെക്കാലത്തെ ചികിത്സകൾക്കൊടുവിൽ കഴിഞ്ഞ മെയ് 5-നാണ് ഇരട്ട പെൺകുട്ടികൾ പിറന്നത്. എന്നാൽ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. പ്രസവശേഷം ഉമാദേവിയെ വേട്ടയാടിയ കടുത്ത പ്രസവാനന്തര വിഷാദമാണ് ഈ മഹാദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ ജനിച്ചതിന് പിന്നാലെ ഉമാദേവി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. മക്കളെ നോക്കാൻ വിമുഖത കാട്ടിയിരുന്ന ഇവർ, കുഞ്ഞുങ്ങളെ ഏതെങ്കിലും ആശ്രമത്തിൽ ഏൽപ്പിക്കണമെന്ന് നിരന്തരം പറഞ്ഞിരുന്നു. നിംഹാൻസ് (NIMHANS) ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഇവർക്ക് ചികിത്സ നൽകിവരികയായിരുന്നു. ഹോർമോൺ വ്യതിയാനം മൂലമുള്ള മാനസിക പ്രശ്നങ്ങളാണ് ഇവരുടെ മാറ്റത്തിന് കാരണമെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിരുന്നു. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ രാമലിംഗപ്പ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് തകർത്തുകളയുന്ന ആ കാഴ്ച കണ്ടത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ കണ്ടത് ഉമാദേവി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതാണ്. ഉടൻ തന്നെ അവരെ രക്ഷപ്പെടുത്തിയെങ്കിലും, അതേ മുറിയിൽ തങ്ങളുടെ പ്രിയപ്പെട്ട ഇരട്ടക്കുട്ടികൾ നിശ്ചലമായി കിടക്കുന്നതാണ് രാമലിംഗപ്പ കണ്ടത്. കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. രാമലിംഗപ്പയുടെ പരാതിയിൽ ഉമാദേവിക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുഞ്ഞുങ്ങളെ അമ്മ തന്നെ ഇല്ലാതാക്കിയെന്ന വാർത്ത വലിയ വേദനയാണ് പടർത്തുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.