യാത്രക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; വിൻഡോ പാനൽ അടിച്ചുതകർത്തു, മലയാളി അറസ്റ്റിൽ

ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാറ്റിക് എയർ വിമാനത്തിൽ യാത്രയ്ക്കിടെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരെയും വിമാന ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയ സംഭവം വിമാനത്താവളത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ ഇടയാക്കി. പ്രതി പാലക്കാട് സ്വദേശിയായ ജംഷീർ അത്താണിക്കൽ (36) ആണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള ബാറ്റിക് എയർ OD231 (ബോയിങ് 737) വിമാനത്തിലായിരുന്നു സംഭവം.

വിമാനം കൊച്ചിയിലേക്ക് പറന്നുകൊണ്ടിരിക്കെ അസ്വാഭാവികമായി പെരുമാറിയ ഇയാൾ എമർജൻസി എക്സിറ്റിന് സമീപത്തെ ജനൽ പാനൽ കാലുകൊണ്ട് തകർക്കുകയും തുടർന്ന് എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ വിമാനത്തിനുള്ളിൽ പരിഭ്രാന്തി പടർന്നു. എന്നാൽ ക്യാബിൻ ക്രൂവും സഹയാത്രികരും ചേർന്ന് ഇയാളെ കീഴടക്കി തടഞ്ഞതോടെ വലിയ അപകടം ഒഴിവായി. വിമാനം സുരക്ഷിതമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും വിമാനത്തിനും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് തുടർനടപടികൾ സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy