UAE Visa Reforms; യുഎഇ വിസ നിയമങ്ങളിൽ വൻ പരിഷ്കാരം; സന്ദർശകർക്കും നിക്ഷേപകർക്കും പുതിയ ഇളവുകൾ

UAE Visa Reforms; പ്രവാസികൾക്കും സന്ദർശകർക്കും നിക്ഷേപകർക്കും ഒരുപോലെ നിർണായകമായ ഒട്ടേറെ വീസാ പരിഷ്കാരങ്ങളാണ് 2026-ൽ യുഎഇ നടപ്പിലാക്കിയിരിക്കുന്നത്. ഓൺ അറൈവൽ വിസ ആനുകൂല്യം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത് മുതൽ ടൂറിസ്റ്റ് വിസകൾ അതിവേഗം ലഭ്യമാക്കുന്നത് വരെയുള്ള പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്.

ഓൺ അറൈവൽ വിസ ആനുകൂല്യം ആറ് രാജ്യങ്ങളിലേക്ക് കൂടി

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) 14 ദിവസത്തെയും 60 ദിവസത്തെയും യുഎഇ എൻട്രി വിസയ്ക്കുള്ള അർഹത ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി വ്യാപിപ്പിച്ചു. മുൻപ് പ്രത്യേക നിബന്ധനകളോടെ ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി മുതൽ ഇന്തോനീഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും ലഭിക്കും. കൂടാതെ, അപേക്ഷകർക്ക് യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയ്ക്ക് പുറമെ സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളിലെ സാധുവായ റസിഡൻസി ഉണ്ടെങ്കിലും ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.

ടൂറിസ്റ്റ് വിസകൾ ഇനി 48 മണിക്കൂറിനുള്ളിൽ

ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സിംഗിൾ എൻട്രി ടൂറിസ്റ്റ് വീസകൾ ഇനി മുതൽ 48 മണിക്കൂറിനുള്ളിൽ അനുവദിക്കും. അംഗീകൃത ടൂറിസം ഓഫീസുകൾ വഴിയോ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) വഴിയോ അപേക്ഷിക്കുന്നവർക്കാണ് 30 മുതൽ 60 ദിവസം വരെ കാലാവധിയുള്ള ഈ വീസകൾ അതിവേഗം ലഭ്യമാകുക.

റിയൽ എസ്റ്റേറ്റ് നിക്ഷേപക വീസയിൽ ഇളവുകൾ

റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് രണ്ട് വർഷത്തെ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ ദുബായ് അധികൃതർ മാറ്റം വരുത്തി. മുൻപുണ്ടായിരുന്ന 7,50,000 ദിർഹത്തിന്റെ കുറഞ്ഞ വസ്തു മൂല്യം എന്ന നിബന്ധന വ്യക്തിഗത നിക്ഷേപകർക്ക് ഒഴിവാക്കി. എന്നാൽ അപേക്ഷകൻ വസ്തുവിന്റെ പൂർണ ഉടമയായിരിക്കണം. അതേസമയം, ഒന്നിലേറെ ആളുകളുടെ സംയുക്ത ഉടമസ്ഥതയിലുള്ള വസ്തുവാണെങ്കിൽ, വീസയ്ക്ക് അർഹത നേടാൻ ഓരോ നിക്ഷേപകന്റെയും വിഹിതത്തിന് കുറഞ്ഞത് 4,00,000 ദിർഹം മൂല്യമുണ്ടായിരിക്കണം.

വിസ കാലാവധി കഴിഞ്ഞവർക്ക് ജൂലൈ 9 വരെ ഇളവ്

വ്യോമപാതകൾ അടച്ചതും വിമാന സർവീസുകൾ തടസ്സപ്പെട്ടതും കാരണം വീസ കാലാവധി കഴിഞ്ഞിട്ടും പിഴയിൽ നിന്ന് താൽക്കാലിക ഇളവ് ലഭിച്ചിരുന്ന സന്ദർശകർക്ക് ഐസിപി 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു. അടിയന്തര സാഹചര്യങ്ങൾ മാറിയതിനാൽ, ഇളവ് ലഭിച്ചവർ ജൂലൈ 9-നകം വീസ നിയമവിധേയമാക്കുകയോ യുഎഇ വിട്ടുപോവുകയോ ചെയ്യേണ്ടതാണ്.

ചികിത്സയ്ക്കായി എത്തുന്നവർക്ക് ‘സ്മാർട്ട് മെഡിക്കൽ വിസ’

ദുബായിലേക്ക് ചികിത്സയ്ക്കായി എത്തുന്ന രാജ്യാന്തര രോഗികൾക്കായി ‘സ്മാർട്ട് മെഡിക്കൽ വീസ’ സംവിധാനം വികസിപ്പിക്കുന്നു. ദുബായ് ഹെൽത്ത് അതോറിറ്റിയും ജിഡിആർഎഫ്എയും ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച്, രോഗികൾ ദുബായ്‍ൽ എത്തുന്നതിന് മുൻപുള്ള വീസ നടപടികൾ മുതൽ ചികിത്സയും തുടർപരിചരണവും വരെയുള്ള എല്ലാ സേവനങ്ങളും ഡിജിറ്റലായി സംയോജിപ്പിക്കും.

മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്ക് താൽക്കാലിക വിസ വിലക്ക്

എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വീസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് അതോറിറ്റിയും ഐസിപി-യും സംയുക്തമായി ജൂൺ 6 മുതലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തി മാത്രമായിരിക്കും ഇതിൽ തുടർന്നുള്ള തീരുമാനം കൈക്കൊള്ളുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy