കൃഷിസ്ഥലങ്ങളിൽ ‘കളി’ നടപ്പില്ല; യുഎഇയിൽ ഫാമുകളിൽ വൻ പരിശോധന, നിയമലംഘകർക്ക് പിടിവീഴും!

ഷാർജ: കാർഷിക ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമിയിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ ഷാർജ നഗരസഭ പരിശോധന ശക്തമാക്കി. എമിറേറ്റിലെ ഫാമുകൾ കൃത്യമായ നിയമങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ച പ്രത്യേക സമിതിയുടെ നേതൃത്വത്തിലാണ് ഈ നടപടി സ്വീകരിക്കുന്നത്. കൃഷിഭൂമി മറ്റ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനൊപ്പം നഗരത്തിന്റെ പരിസ്ഥിതി ഭംഗി നിലനിർത്തുക എന്നതും ഈ പരിശോധനയുടെ പ്രധാന ലക്ഷ്യമാണ്.

അൽ സുബൈർ മേഖലയിലെ നിരവധി ഫാമുകളിൽ ഇതിനോടകം സമിതി സന്ദർശനം നടത്തിക്കഴിഞ്ഞു. ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ കണ്ടെത്തിയ ഫാമുകൾക്കെതിരെ കർശനമായ ഭരണപരവും നിയമപരവുമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ഷാർജ മുനിസിപ്പാലിറ്റി കസ്റ്റമർ സർവീസ് ഡയറക്ടർ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദിയുടെ നേതൃത്വത്തിലാണ് വിവിധ സർക്കാർ വകുപ്പുകൾ ഉൾപ്പെട്ട സംഘം ഫാമുകളിൽ നേരിട്ടെത്തി പരിശോധന നടത്തിയത്.

ഫാമുകൾ പ്രധാനമായും കൃഷിക്കും അനുവദനീയമായ മൃഗങ്ങളെ വളർത്തുന്നതിനുമാണ് ഉപയോഗിക്കേണ്ടതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക വിപണിയിലേക്ക് ആവശ്യമായ പച്ചക്കറികളും ഉൽപ്പന്നങ്ങളും എത്തിക്കുന്നതിനും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ഫാമുകളെ സമിതി അഭിനന്ദിച്ചു. എന്നാൽ അനുവദിച്ച ഉദ്ദേശ്യത്തിനല്ലാതെ ഫാമുകൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ നിയമപരമായ കാര്യങ്ങൾ പൂർത്തിയാക്കി പ്രവർത്തനങ്ങൾ ശരിയാക്കണം. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയ ഫാമുടമകൾക്ക് അത് തിരുത്താനുള്ള നിർദ്ദേശങ്ങൾ സമിതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ലോക്ക് ചെയ്തില്ല; നിർത്തിയിട്ട കാർ കവർച്ച—സിസിടിവി സഹായത്തോടെ നിമിഷങ്ങൾക്കകം പ്രതി പിടിയിൽ!

ഷാർജയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഷാർജ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. അശ്രദ്ധയായി ലോക്ക് ചെയ്യാതെയും ജനൽ ഗ്ലാസ് പാതി താഴ്ത്തിയ നിലയിലുമാണ് വാഹനം പാർക്ക് ചെയ്തിരുന്നത്.
കടയിലേക്ക് പോകാനായി വാഹനം പാർക്ക് ചെയ്ത ഉടമ മടങ്ങിയെത്തിയപ്പോൾ, തന്റെ കാർ മറ്റൊരാൾ ഓടിച്ചു പോകുന്നത് കണ്ടതോടെ സ്തബ്ധനായി. ലോക്ക് ചെയ്യാതിരുന്നതും ജനൽ ഗ്ലാസ് തുറന്നിരുന്നതും ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് ഈ അവസരം മുതലെടുത്ത് വാഹനം തട്ടിയെടുക്കുകയായിരുന്നു. വാഹനം പിന്തുടർന്ന് ഉടമ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ സാധിച്ചില്ല.

സംഭവം ഉടൻ തന്നെ ഷാർജ പോലീസിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമീപത്തെ കടകളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ മുഖം, വാഹന നമ്പർ, പോയ ദിശ എന്നിവ വ്യക്തമായതോടെ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ വിജനമായ പ്രദേശത്ത് പാർക്ക് ചെയ്ത നിലയിൽ വാഹനം കണ്ടെത്തി. പ്രദേശം വളഞ്ഞ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വാഹനം ഉടമയ്ക്ക് സുരക്ഷിതമായി തിരികെ കൈമാറി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വാഹനം പാർക്ക് ചെയ്യുമ്പോൾ നിർബന്ധമായും ലോക്ക് ചെയ്യുകയും ജനൽ ഗ്ലാസുകൾ പൂർണമായി അടച്ചുവെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *