
UAE Homicide Law; യുഎഇയിൽ കൊലപാതക കേസുകളിലെ ശിക്ഷാനിയമത്തിൽ വരുത്തിയ പുതിയ ഭേദഗതി, ജയിലിൽ കഴിയുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും കനത്ത നിരാശയും ആശങ്കയും സമ്മാനിക്കുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനൽകിയാലും (ഖിസാസ്) പ്രതികൾക്ക് ഇനി വേഗത്തിൽ ജയിൽമോചനം സാധ്യമാകില്ല. ഇത്തരം കേസുകളിൽ കുറ്റവാളിക്ക് ലഭിക്കുന്ന കുറഞ്ഞ തടവുശിക്ഷ 7 വർഷത്തിൽ നിന്ന് 15 വർഷമായി യുഎഇ വർധിപ്പിച്ചു.യുഎഇയിലെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിലാണ് നിർണ്ണായകമായ ഈ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച്, ബന്ധുക്കൾ മാപ്പ് നൽകിയാലും കുറ്റവാളിക്ക് 15 മുതൽ 20 വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും.
വിവിധ സാഹചര്യങ്ങളിൽ കൊലക്കേസുകളിൽ പ്രതികളാകുന്ന പ്രവാസികളെ ദയാധനം (ബ്ലഡ് മണി) നൽകിയും ബന്ധുക്കളുടെ മാപ്പപേക്ഷ നേടിയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പ്രവാസി സമൂഹവും സംഘടനകളും വലിയ പരിശ്രമങ്ങൾ നടത്താറുണ്ട്. കോടികൾ സ്വരൂപിച്ച് നൽകി മാപ്പ് കരസ്ഥമാക്കിയാൽ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു പല കുടുംബങ്ങളും. എന്നാൽ പുതിയ ഭേദഗതിയോടെ, കുടുംബം മാപ്പുനൽകിയാലും പ്രതിക്ക് ഒന്നര പതിറ്റാണ്ടോളം (കുറഞ്ഞത് 15 വർഷം) യുഎഇയിലെ ജയിലിൽ തന്നെ കഴിയേണ്ടി വരും എന്നത് പ്രവാസികൾക്ക് കടുത്ത വേദനയായി മാറുകയാണ്.
കേസിന്റെ വിചാരണ വേളയിലോ അന്തിമ വിധി പ്രഖ്യാപിച്ചതിനു ശേഷമോ കൊല്ലപ്പെട്ടയാളുടെ അവകാശികൾ മാപ്പ് നൽകിയാലും ഈ പുതിയ മാനദണ്ഡപ്രകാരമായിരിക്കും ശിക്ഷ നടപ്പാക്കുക. ഇസ്‌ലാമിക നിയമപ്രകാരം കൊലപാതകത്തിന് നൽകുന്ന പ്രതികാര ശിക്ഷയാണ് ഖിസാസ്. ഇതിൽ പ്രതിക്ക് കോടതി വിധിക്കുന്ന വധശിക്ഷ ഒഴിവാക്കി നൽകാൻ കൊല്ലപ്പെട്ടയാളുടെ അവകാശികൾക്ക് അധികാരമുണ്ട്.എന്നാൽ കുടുംബം മാപ്പുനൽകുന്നത് പ്രതിയെ പൂർണ്ണമായി കുറ്റവിമുക്തനാക്കലല്ലെന്നും, ഭരണകൂടത്തോടും സമൂഹത്തോടുമുള്ള കുറ്റവാളിയുടെ ക്രിമിനൽ ബാധ്യത അതുകൊണ്ട് അവസാനിക്കുന്നില്ലെന്നും പ്രമുഖ നിയമവിദഗ്ധൻ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി വ്യക്തമാക്കി. സമൂഹത്തിൽ അക്രമവാസനകൾ ഇല്ലാതാക്കാനും കുറ്റകൃത്യങ്ങൾ തടയാനുമാണ് യുഎഇ നിയമം ഇത്രയേറെ കർശനമാക്കിയത്. കുറ്റകൃത്യത്തിന്റെ വ്യാപ്തിയും സാഹചര്യങ്ങളും പരിശോധിച്ചായിരിക്കും 15 മുതൽ 20 വർഷം വരെയുള്ള പരിധിയിൽ കോടതി അന്തിമ തടവുശിക്ഷ നിശ്ചയിക്കുക. ഒരു നിമിഷത്തെ അശ്രദ്ധയോ ദേഷ്യമോ കാരണം ജയിലിലായ പ്രവാസികൾക്ക് ഈ നിയമം നൽകുന്നത് വലിയ മാനസികാഘാതമാണ്.