
EMS Education Dubai Indian expat teacher; പ്രവാസത്തിന്റെ മണ്ണിൽ മൂന്നര പതിറ്റാണ്ടോളം അക്ഷരവെളിച്ചവും അമ്മത്തണലും പകർന്നുനൽകിയ പ്രിയ അധ്യാപിക അഞ്ജന സനൽകുമാർ ഇനി ഓർമ. ദുബായിലെ വിദ്യാഭ്യാസരംഗത്ത് 33 വർഷത്തെ നിസ്തുലമായ സേവനം പൂർത്തിയാക്കിയാണ് ഈ ഇന്ത്യൻ പ്രവാസി അധ്യാപിക വിടവാങ്ങിയത്. ആയിരക്കണക്കിന് വിദ്യാർഥികളുടെ ജീവിതത്തിലേക്ക് അറിവിന്റെ വെളിച്ചം വീശിയ പ്രിയ ടീച്ചറുടെ വിയോഗവാർത്ത ദുഃഖത്തോടെയാണ് പ്രവാസലോകം കേട്ടത്. ദുബായ് ദി വെസ്റ്റ്മിൻസ്റ്റർ സ്കൂളിലെ (TWS) അധ്യാപികയായിരുന്ന അഞ്ജന, ജെംസ് (GEMS) കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളിൽ ഒരാളായിരുന്നു. ജെംസ് എജുക്കേഷൻ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡിനോ വർകി ജെംസ് കുടുംബത്തിന് അയച്ച ഹൃദയസ്പർശിയായ കത്തിലൂടെയാണ് അഞ്ജനയുടെ വിയോഗവാർത്ത പങ്കുവെച്ചത്. മൂന്ന് പതിറ്റാണ്ടിലേറെയായി അഞ്ജന ടീച്ചർ വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും നൽകിയ സ്നേഹവും പ്രചോദനവും ഒരിക്കലും മാഞ്ഞുപോകില്ലെന്ന് ഡിനോ വർകി അനുസ്മരിച്ചു. വെറുമൊരു അധ്യാപിക എന്നതിലുപരി, തലമുറകളെ നേർവഴി കാട്ടുകയും അവരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുകയും ചെയ്ത വലിയൊരു വഴികാട്ടിയായിരുന്നു അവർ. പ്രിയ അധ്യാപികയോടുള്ള ആദരസൂചകമായി ദി വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ ‘അഞ്ജന സനൽകുമാർ മെമ്മോറിയൽ സ്കോളർഷിപ്പ്’ ആരംഭിക്കുമെന്ന് ജെംസ് എജുക്കേഷൻ അറിയിച്ചു. അഞ്ജന ടീച്ചർ പകർന്നുതന്ന അറിവിന്റെ വെളിച്ചം വരുംതലമുറകളിലേക്കും എത്തിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും. അഞ്ജന ടീച്ചറുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിഞ്ഞ വിദ്യാർഥികളോടും സഹപ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടും അവരുടെ ഓർമകൾ പങ്കുവെക്കാൻ സ്കൂൾ അധികൃതർ അഭ്യർഥിച്ചു. ഒക്ടോബർ 8-ന് നടക്കുന്ന അനുസ്മരണ ചടങ്ങിൽ നേരിട്ട് എത്താൻ സാധിക്കാത്തവർക്കായി വൈകിട്ട് 3 മണിക്ക് ഓൺലൈൻ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. തങ്ങളെ മനുഷ്യത്വം പഠിപ്പിച്ച പ്രിയ ടീച്ചറമ്മയ്ക്ക് കണ്ണീരോടെ വിടപറയുകയാണ് ശിഷ്യഗണങ്ങളും പ്രവാസി സമൂഹവും.