Indian Consular Services; ഇന്ത്യൻ കോൺസുലർ സേവനങ്ങൾ ഇനി അൽഹിന്ദ് വഴി: പ്രവാസികൾ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

Indian Consular Services; യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. നിലവിലുള്ള സേവന ദാതാക്കളായ ബിഎൽഎസ് (BLS), ഐവിഎസ് (IVS) എന്നിവയ്ക്ക് പകരം അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഈ ചുമതലയേൽക്കുന്നു. 2026 ജൂലൈ 1 മുതൽ യുഎഇയിലെ എല്ലാ ഇന്ത്യൻ കോൺസുലർ സേവനങ്ങളും അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴിമാത്രമായിരിക്കും ലഭ്യമാകുക. ഇന്ത്യൻ എംബസി നടത്തിയ ടെൻഡർ നടപടികളിലൂടെയാണ് അൽഹിന്ദിനെ തിരഞ്ഞെടുത്തത്. ഏറ്റവും കുറഞ്ഞ നിരക്കായ 19 ദിർഹം (ഒരു സേവനത്തിന്) ക്വോട്ട് ചെയ്തതിനാലാണ് അൽഹിന്ദിന് കരാർ ലഭിച്ചത്. കൂടാതെ, നിലവിലെ സേവന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണലിനെ ചില പരാതികളുടെ അടിസ്ഥാനത്തിൽ പുതിയ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിലക്കിയിരുന്നു.

ജൂൺ 25: ബിഎൽഎസ്, ഐവിഎസ് കേന്ദ്രങ്ങൾ പുതിയ അപ്പോയിന്റ്മെന്റുകൾ സ്വീകരിക്കുന്നത് ഈ ദിവസം ബിസിനസ് സമയത്തിന് ശേഷം അവസാനിപ്പിക്കും.

ജൂൺ 26 മുതൽ 30 വരെ: സാധാരണ സേവനങ്ങൾക്കായി അപ്പോയിന്റ്മെന്റുകൾ ലഭിക്കില്ല. ഈ അഞ്ച് ദിവസം സേവന മാറ്റത്തിന്റെ (transition) ഭാഗമായി പ്രവർത്തിക്കില്ല.

ജൂൺ 26 മുതൽ 30 വരെയുള്ള കാലയളവിൽ അടിയന്തര പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അബുദാബിയിലെ ഇന്ത്യൻ എംബസിയെയോ ദുബായിലെ കോൺസുലേറ്റിനെയോ നേരിട്ട് സമീപിക്കാം.

സഹായത്തിന് വിളിക്കാം: 800 46342 (800 INDIA)
വാട്സാപ്പ്: +971 54 309 0571
ഇമെയിൽ: [email protected]

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ചുവടെ നൽകുന്നു.‌‌

മുൻപ് പാസ്‌പോർട്ടിനും അറ്റസ്റ്റേഷനും രണ്ട് സ്ഥലങ്ങളിൽ പോകണമായിരുന്നു. ഇനി മുതൽ ICAC (Indian Consular Application Centre) എന്ന് വിളിക്കപ്പെടുന്ന അൽഹിന്ദ് കേന്ദ്രങ്ങളിൽ പാസ്‌പോർട്ട് പുതുക്കൽ, വിസ, ഒസിഐ കാർഡ്, പിസിസി, അറ്റസ്റ്റേഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും ലഭിക്കും.‌

പുതിയ വെബ്സൈറ്റ്: ജൂലൈ 1 മുതൽ അൽഹിന്ദിന്റെ പുതിയ ഓൺലൈൻ പോർട്ടൽ വഴി വേണം അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാൻ.
കുറഞ്ഞ നിരക്ക്: എല്ലാ സേവനങ്ങൾക്കും സർവീസ് ചാർജ് ആയി 19 ദിർഹം മാത്രമായിരിക്കും ഈടാക്കുക.

പുതിയ കേന്ദ്രങ്ങൾ എവിടെയെല്ലാം?

യുഎഇയിലുടനീളം 16 കേന്ദ്രങ്ങളാണ് അൽഹിന്ദ് തുറക്കുന്നത്

അബുദാബി (6): അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദീനത്ത് സായിദ്, ഗയാത്തി, അൽ ഐൻ.
ദുബായ് (2): ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (DIP).
ഷാർജ (2): അൽ മജാസ്, റോള.
മറ്റ് സ്ഥലങ്ങൾ: അജ്മാൻ (അൽ ജുർഫ്), ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ.

അപേക്ഷ സമർപ്പിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാക്കണമെന്നും, സെന്ററിൽ എത്തിയാൽ 30 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്.യുഎഇയിലെ 43 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മാറ്റം നടപ്പിലാക്കുന്നത്. ഇതിനായി 300-ഓളം ജീവനക്കാരെ അൽഹിന്ദ് പുതുതായി നിയമിക്കുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy