Indian Passport Fee Hike; ഇന്ത്യൻ പാസ്പോർട്ട് അപേക്ഷാ നിരക്കുകളിൽ വൻ വർദ്ധനവ്. പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് പുതിയ തീരുമാനം. പുതുക്കിയ നിരക്കുകൾ പ്രകാരം 18 വയസ്സിന് മുകളിലുള്ളവർക്ക് 36 പേജുള്ള സാധാരണ പാസ്പോർട്ട് ലഭിക്കുന്നതിന് ഇനി മുതൽ 2500 രൂപ നൽകേണ്ടി വരും. മുൻപ് ഉണ്ടായിരുന്ന നിരക്കിനേക്കാൾ 1000 രൂപയുടെ വർദ്ധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. 15 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ 36 പേജ് പാസ്പോർട്ടിന് 1750 രൂപയാണ് പുതിയ നിരക്ക്. സാധാരണ പാസ്പോർട്ടുകൾക്ക് പുറമെ തൽക്കാൽ, ജംബോ പാസ്പോർട്ട് നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 60 പേജുള്ള പാസ്പോർട്ടുകൾക്ക് ഇനി മുതൽ 3500 രൂപയാകും ഫീസ്. അടിയന്തരമായി പാസ്പോർട്ട് ലഭ്യമാക്കുന്നതിനുള്ള തത്ക്കാൽ നിരക്ക് 5000 രൂപയായും ഉയർത്തി. ജൂലൈ ഒന്ന് മുതൽ കുവൈത്തിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഫീസ് ഇരട്ടിയായി വർദ്ധിപ്പിക്കുമെന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് അപേക്ഷാ നിരക്കിലെ ഈ വൻ വർദ്ധനവ്. കുവൈത്തിന് പുറമെ മറ്റ് വിദേശ രാജ്യങ്ങളിലും സമാനമായ രീതിയിൽ പാസ്പോർട്ട് ഫീസ് വർദ്ധിപ്പിക്കുമെന്നാണ് സൂചനകൾ. ഇത് ലക്ഷക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കും. പുതുക്കിയനിരക്കുകൾ പ്രകാരം നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്പോർട്ട് പുതുക്കാനുള്ള ഫീസ് 36 പേജിന് 5000 രൂപയും തത്കാൽ നിരക്ക് 6000 രൂപയുമായിരിക്കും. 60 പേജുകളുള്ള പാസ്പോർട്ടിനിത് യഥാക്രമം 6000, 8500 എന്നിങ്ങനെയായിരിക്കും നിരക്ക്. പാസ്പോർട്ട് പ്രധാനമായും ഒരു യാത്രാരേഖ മാത്രമാണെന്നും ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയായി കണക്കാക്കരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതുക്കിയ ഫീസ് പട്ടിക വരുന്നത്. വിശദമായ പരിശോധനകൾക്ക് ശേഷമാണ് പാസ്പോർട്ട് അനുവദിക്കുന്നതെങ്കിലും ഒരു സ്വതന്ത്ര പൗരത്വ സർട്ടിഫിക്കറ്റായി ഉപയോഗിക്കാനാവില്ലെന്നുമായിരുന്നു പാസ്പോർട്ട് സേവാ ദിവസ് ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രം വിശദീകരിച്ചത്.