Posted By user Posted On

റഹീമിൻറെ ജീവൻറെ വില 33 കോടി രൂപ: ​ഗൾഫിൽ വധശിക്ഷ കാത്ത് കഴിയുന്ന പ്രവാസി മലയാളിയുടെ മോചനത്തിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ പ്രവാസി സമൂഹം

കയ്യബദ്ധത്താൽ സൗദി ബാലൻ മരിക്കാനിടയായ കേസിൽ റിയാദിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിെൻറ മോചനത്തിനായി ഒറ്റകെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പ്രവാസി സമൂഹം. ദിയാധനം നൽകി മോചിപ്പിക്കാനുള്ള കുടുംബത്തിെൻറയും നാട്ടിലെ സർവകക്ഷിയുടെയും ശ്രമത്തിന് കരുത്തുപകരാൻ റിയാദിലെ റഹീം നിയമസഹായ സമിതിയുടെ യോഗത്തിൽ തീരുമാനമായി.ബത്ഹയിലെ അപ്പോളോ ഡി പാലസിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ സി.പി. മുസ്‌തഫ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി ഉദ്ഘാടനം ചെയ്‌തു. പരിഭാഷകൻ മുഹമ്മദ് നജാത്തി നിയമവിഷയങ്ങളിലുള്ള സംശയങ്ങൾക്ക് ഉത്തരം നൽകി. അഷ്‌റഫ് വേങ്ങാട്ട് കേസിെൻറയും നിയമനടപടികളുടെയും വിശദാംശങ്ങൾ അവതരിപ്പിച്ചു. എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, ലോകകേരള സഭ അംഗങ്ങളായ കെ.പി.എം. സാദിഖ് വാഴക്കാട്, ഇബ്രാഹിം സുബ്ഹാൻ എന്നിവരും സമിതി അംഗങ്ങളായ സിദ്ദീഖ് തുവ്വൂർ, നവാസ് വെള്ളിമാട്കുന്ന്, അർഷാദ് ഫറോക്ക്, മുഹിയുദ്ദീൻ, കുഞ്ഞോയി കോടമ്പുഴ കൂടാതെ വിവിധ റിയാദിലെ മലയാളി സമൂഹത്തിനിടയിൽ വിവിധ തലങ്ങളിൽപെട്ട നേതാക്കളും സംഘടനാ പ്രതിനിധികളും സംസാരിച്ചു. ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും വൈസ് ചെയർമാൻ മുനീബ് പാഴൂർ നന്ദിയും പറഞ്ഞു. ദിയാധനമായി ഒന്നര കോടി റിയാൽ (33 കോടിയോളം രൂപ) നൽകിയാൽ മാപ്പ് നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കാമെന്ന് സൗദി പൗരൻറെ കുടുംബം ഇന്ത്യൻ എംബസിയെ രേഖാമൂലം അറിയിച്ചതിൻറെ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരണത്തിന് റഹീമിെൻറ കുടുംബത്തിന് പിന്തുണ നൽകാൻ സർവകക്ഷി യോഗം തീരുമാനിച്ചത്. സൗദി പൗരൻറെ മകൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുറഹീമിനെ സൗദി കോടതി വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. 2006 നവംബർ 28ന് 26–ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വീസയിൽ റിയാദിലെത്തിയത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്‌രിയുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലയ്ക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. തൻറെ കഴിവിൻറെ പരമാവധി റഹീം അനസിനെ പരിചരിച്ചു.2006 ഡിസംബർ 24നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അനസിനെയും കൂട്ടി റഹീം വാനിൽ റിയാദ് ശിഫയിലെ വീട്ടിൽ നിന്ന് അസീസിയിലെ ഹൈപ്പർ മാർക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിട്ടു. ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്തു പോകാൻ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താനാവില്ലെന്ന് ആവർത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്‌നലിൽ എത്തിയപ്പോൾ അനസ് വീണ്ടും ബഹളം വെക്കാൻ തുടങ്ങി.പിൻസീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പിന്നോട്ട് തിരിഞ്ഞപ്പോൾ റഹീമിൻറെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തടയാനായി ശ്രമിച്ച അബ്ദുറഹീമിൻറെ കൈ അബദ്ധത്തിൽ അനസിൻറെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി. ഭക്ഷണവും വെള്ളവും നൽകാനായി ഘടിപ്പിച്ചിരുന്ന ഉപകരണത്തിലാണ് കൈ പതിച്ചത്. പിന്നീട് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടർന്ന റഹീം അനസിൻറെ ബഹളമൊന്നും കേൾക്കാതെയായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.ഉടൻ മാതൃ സഹോദര പുത്രൻ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ഇരുവരും പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി റഹീമിനെയും നസീറിനെയും കസ്റ്റഡിയിലെടുത്തു. നസീർ പത്ത് വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി. റഹീം വധശിക്ഷ കാത്ത് അൽഹായിർ ജയിലിലാണ് കഴിയുന്നത്. വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനിൽക്കുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *