യുഎഇയിൽ എട്ടിൽ താഴെ പ്രായമുള്ളവർ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യേണ്ടത് മുതിർന്നവരോടൊപ്പം
യുഎഇയിൽ എട്ടിൽ താഴെ പ്രായമുള്ളവർ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ മുതിർന്നവർ കൂടെ ഉണ്ടാകണമെന്ന് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. എട്ടിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ദുബൈ മെട്രോ എന്നിവയിൽ ഒറ്റക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ല. പക്ഷേ, രക്ഷാകർത്താവിൽനിന്നുള്ള അനുമതിപത്രം കൈയിൽ കരുതണം. 12 വയസ്സോ അതിന് മുകളിലോ പ്രായമുള്ള കുട്ടികൾക്ക് മുതിർന്നവരുടെ സാന്നിധ്യമില്ലാതെ സ്വതന്ത്രമായി യാത്ര ചെയ്യാമെന്നാണ് ആർ.ടി.എ വ്യവസ്ഥ. ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങൾ സുരക്ഷിതവും സുഗമവുമായ യാത്രാ മാർഗമെന്നനിലയിൽ മാത്രമല്ല, വിദ്യാർഥികൾക്കുള്ള പ്രത്യേക നോൾ കാർഡ് ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യവും കൂടിയാണ് പ്രദാനം ചെയ്യുന്നത്. അഞ്ചുമുതൽ 23 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് പേഴ്സണൽ നോൾ കാർഡ് ഉപയോഗിച്ച് എവിടെ വേണമെങ്കിലും യാത്രചെയ്യാം. സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് നോൾ കാർഡ് ലഭിക്കാൻ എമിറേറ്റ്സ് ഐ.ഡിയുടെ പകർപ്പിനൊപ്പം വെള്ള ബാക്ഗ്രൗണ്ടുള്ള ഒരു ഫോട്ടോയും വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖയും സമർപ്പിക്കണം. നിശ്ചയദാർഢ്യമുള്ള കുട്ടികളാണെങ്കിൽ അത് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)