പ്രവാസി സംഘടനകൾ ഇടപെട്ടു: യുഎഇയിൽ ദുരിതത്തിൽ കഴിഞ്ഞ മലയാളികൾ നാടണയുന്നു
അജ്മാൻ: ദുരിതക്കയത്തിലകപ്പെട്ട് അജ്മാനിൽ താമസിച്ചുവന്ന നാലു മലയാളികൾക്ക് നാട്ടിലേക്ക് പോകാൻ അവസരമൊരുക്കി ഗ്ലോബൽ പ്രവാസി യൂനിയൻ. ചാവക്കാട് സ്വദേശി വിശ്വംബരൻ, തിരുവനന്തപുരം സ്വദേശികളായ ശരത്, കിനാൻ, കൊല്ലം സ്വദേശിയായ ഷാജഹാൻ എന്നിവർക്കാണ് യൂനിയൻറെ ഇടപെടലിൽ നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങിയത്.
വിശ്വംബരൻ 35 വർഷമായി പ്രവാസിയാണ്. ബിസിനസ് തകർന്ന് കേസിൽ അകപ്പെട്ട് 10 വർഷത്തോളം നാട്ടിലേക്ക് പോകാൻ കഴിയാതെ ഇദ്ദേഹം ബുദ്ധിമുട്ടുകയായിരുന്നു. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഗ്ലോബൽ പ്രവാസി യൂനിയൻ ഭാരവാഹികൾ അദ്ദേഹത്തിൻറെ കേസുകളെല്ലാം അവസാനിപ്പിക്കുകയും വിസ സംബന്ധമായ പിഴകളും മറ്റ് വിഷയങ്ങളും തീർത്ത് ഔട്ട്പാസ് ശരിയാക്കിയാണ് യാത്ര ശരിപ്പെടുത്തിയത്. ബാക്കി മൂന്നുപേരും സന്ദർശന വിസയിൽ വന്ന് ചതിക്കപ്പെട്ട് ഭക്ഷണവും താമസസൗകര്യവുമില്ലാതെ അജ്മാനിലെ ഒരു കെട്ടിടത്തിന് സമീപം ദിവസങ്ങളായി താമസിച്ച് വരികയായിരുന്നു.
ഇതിനിടെ കൊല്ലം സ്വദേശി ഷാജഹാന് രണ്ടു പ്രാവശ്യം ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. വിവരമറിഞ്ഞ ഗ്ലോബൽ പ്രവാസി യൂനിയൻറെ അജ്മാൻ എക്സിക്യൂട്ടിവ് അംഗം ഹലീമ, സിദ്ധീക്ക് ചാലുശ്ശേരി, ഹരി ഒറ്റപ്പാലം, റഫീഖ് അജ്മാൻ, വർഗീസ് എന്നിവർ ഗ്ലോബൽ പ്രവാസി യൂനിയൻ ചെയർമാൻ അഡ്വ. ഫരീദുമായി ബന്ധപ്പെടുകയായിരുന്നു. ഇദ്ദേഹത്തിൻറെ ഇടപെടലാണ് ഇവർക്ക് നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കിയത്. ഗ്ലോബൽ പ്രവാസി യൂനിയൻ ഇടപെട്ടാണ് ഇവർക്ക് നാട്ടിലേക്ക് പോകാനുള്ള യാത്ര സൗകര്യങ്ങൾ ഒരുക്കിയതും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)