യുഎഇ അന്താരാഷ്ട്ര ഭക്ഷ്യോത്സവത്തിന് തുടക്കം
അബൂദബി: അന്താരാഷ്ട്ര ഭക്ഷ്യോത്സവത്തിന് അബൂദബി പ്രദർശനനഗരിയിൽ തുടക്കമായി. വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബൂദബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പിന്തുണയോടെ നടക്കുന്ന പ്രദർശനം നവംബർ 29 വരെ നീണ്ടുനിൽക്കും. യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി എന്നിവർ പ്രദർശനനഗരി സന്ദർശിച്ചു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾ പ്രദർശന നഗരിയിലുണ്ട്. പലചരക്ക്, ഓർഗാനിക് ആൻഡ് വെൽനസ്, മാംസം, ഫുഡ്ടെക്, മിഠായി, തേൻ, ഈന്തപ്പഴം, പാൽ എന്നിവയുടെ സ്റ്റാളുകളാണ് പ്രധാനമായും പ്രദർശനത്തിലുള്ളത്.
വിവിധ രാജ്യങ്ങളിൽനിന്നുള്ള പാചക വിദഗ്ധരുടെ ലൈവ് പാചകപ്രദർശനവും പാചകമത്സരവും ഭക്ഷ്യോത്സവത്തിന്റെ പ്രത്യേകതയാണ്. പുതിയ ഉൽപന്നങ്ങളെ അടുത്തറിയാനും വിപണിയെ പരിചയപ്പെടുത്താനും പ്രദർശനം സഹായിക്കുന്നുവെന്ന് വിവിധ കമ്പനി പ്രതിനിധികൾ പറഞ്ഞു. രാവിലെ പത്തിന് തുടങ്ങുന്ന പ്രദർശനം വൈകീട്ട് ആറുവരെ നീളും. നഗരിയിൽ ഇന്ത്യ പ്രത്യേകം പവിലിയൻതന്നെ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ ഉൽപന്ന മേഖലയിൽ ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയാൻ ഏറെ സഹായകമാണ് മേള. ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ് ഇന്റർനാഷനൽ ഗ്രൂപ്പിനുവേണ്ടി ഡയറക്ടർമാരായ ഷമീം സൈനുൽ ആബിദീൻ, റിയാദ് ജബ്ബാർ, ടി.കെ. നൗഷാദ് എന്നിവർ വിവിധ കമ്പനികളുമായുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)