ഗസ്സയിൽനിന്ന് 80 രോഗികൾകൂടി യുഎഇയിൽ: എത്തിയവരിൽ ഏറെയും അർബുദരോഗികൾ
അബൂദബി: ഗസ്സയിൽനിന്ന് പരിക്കേറ്റവരെയും രോഗികളെയും വഹിച്ചുള്ള മൂന്നാമത് വിമാനം അബൂദബിയിലെത്തി. രോഗികളും കുടുംബാംഗങ്ങളുമടക്കം 170 പേരെയും വഹിച്ചുള്ള ഇത്തിഹാദ് വിമാനമാണ് തിങ്കളാഴ്ച എത്തിയത്. ചികിത്സ ആവശ്യമായ 80 പേരാണ് സംഘത്തിലുള്ളത്. ഇവരിൽ മിക്കവരും അർബുദബാധിതരാണ്. ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് ഇവരെ എത്തിച്ചത്.
ഗസ്സയിൽ താൽക്കാലികമായി പ്രഖ്യാപിച്ച വെടിനിർത്തൽ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ഇവരെ അതിർത്തി കടത്തിയത്. പ്രാഥമിക പരിശോധനകൾക്കുശേഷം തുടർചികിത്സ ആവശ്യമായവരെയാണ് യു.എ.ഇയിലേക്ക് കൊണ്ടുവന്നത്. നേരത്തെ രണ്ടു വിമാനങ്ങളിലായി പരിക്കേറ്റ കുട്ടികളുടെ ഒരു സംഘം അബൂദബിയിലെത്തിയിരുന്നു. ഇവരുടെ ചികിത്സ ആശുപത്രിയിൽ പുരോഗമിക്കുകയാണ്.
ഇത്തവണ എത്തിയവരിൽ പ്രായമായവരാണ് കൂടുതലായുള്ളത്. ഇവരിൽ മിക്കവരും അർബുദബാധിതരാണ്. ഗസ്സയിൽനിന്ന് 1000 അർബുദരോഗികളെ യു.എ.ഇയിലെത്തിച്ച് ചികിത്സിക്കുമെന്ന് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംഘത്തിൽ കൂടുതൽ അർബുദരോഗികൾക്ക് ഇടംലഭിച്ചത്. വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ഗസ്സയിൽനിന്നെത്തിയ സംഘത്തിന് ലഭിച്ചത്. ഇമാറാത്തി ഉദ്യോഗസ്ഥർ ഓരോരുത്തരെയും പ്രത്യേകം പരിഗണനയോടെ രാജ്യത്തേക്ക് സ്വാഗതംചെയ്തു. 1000 കുട്ടികളെ രാജ്യത്തെത്തിച്ച് ചികിത്സിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായി എത്തിച്ച കുട്ടികളും തിങ്കളാഴ്ചത്തെ വിമാനത്തിലുണ്ടായിരുന്നു. യു.എ.ഇ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷൻറെ ഭാഗമായാണ് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ രാജ്യത്തെത്തിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)