Riyadh airport missile attack; യാത്ര തീരാനോവായി; സൗദിയിലെ ആക്രമണത്തിൽ പ്രവാസിയുടെ ജീവനറ്റു, ആശുപത്രിയിൽ അനാഥരായി ഭാര്യയും മക്കളും

Riyadh airport missile attack; സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈലാക്രമണത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. പാസഞ്ചർ ടെർമിനലിലേക്ക് നേരിട്ട് മിസൈൽ പതിച്ചതിനെ തുടർന്ന് 10 ഇന്ത്യക്കാർ ഉൾപ്പെടെ 308 പേർക്ക് പരിക്കേറ്റു. ഹൈദരാബാദ് സ്വദേശിയായ അലി മുഹമ്മദ് അലിയാണ് കൊല്ലപ്പെട്ടതെന്ന് റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും പരിക്കേറ്റിട്ടുണ്ട്; ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹായങ്ങൾക്കും വിവരങ്ങൾക്കുമായി റിയാദിലെ ഇന്ത്യൻ എംബസി ഹെൽപ്‌ലൈൻ നമ്പർ (800241234) സജ്ജമാക്കിയിട്ടുണ്ട്. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ് രാജ്യാന്തര വിമാനത്താവളം താൽക്കാലികമായി അടച്ചുപൂട്ടി. ഇന്ത്യയിൽ നിന്നുള്ളവ ഉൾപ്പെടെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തുന്നത്. കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരന് പുറമെ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് സ്വദേശികളും യു.എസ്, ജോർദാൻ, പലസ്തീൻ, സിറിയ, സുഡാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാരുമാണ് ഉള്ളത്. റിയാദ്, അബ്ഹ വിമാനത്താവളങ്ങളിലായി ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി.

കഴിഞ്ഞ ഒരു ദശകത്തിനിടെ സൗദി അറേബ്യയ്ക്കുനേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. ദമാം വിമാനത്താവളത്തിനും പ്രമുഖ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തിയതായി ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ അവകാശപ്പെട്ടു. മക്കയും മദീനയും ഒഴികെ സൗദിയുടെ വ്യോമമേഖല പൂർണമായി ഒഴിവാക്കണമെന്ന് ഹൂതികൾ വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണങ്ങൾക്ക് തിരിച്ചടിയായി യെമനിലെ ഹൂതി നിയന്ത്രിത മേഖലകളിൽ സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി. ഹൂതികൾക്കെതിരായ സൗദിയുടെ സൈനിക നടപടികളിൽ പങ്കുചേരുന്നത് അമേരിക്കയുടെ പരിഗണനയിലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യു.എസ്–ഇസ്രയേൽ–ഇറാൻ സംഘർഷങ്ങൾ രൂക്ഷമായതോടെയാണ് 2022-ൽ നിലവിൽവന്ന വെടിനിർത്തൽ കരാർ ലംഘിച്ച് സൗദിയും ഹൂതികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy