
gulf restrictions flight status; പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും ഉടലെടുത്ത സുരക്ഷാ ആശങ്കകളും വ്യോമപാതാ നിയന്ത്രണങ്ങളും യുഎഇയിൽ നിന്നുള്ള വിമാന സർവീസുകളെ സാരമായി ബാധിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിരവധി സർവീസുകൾ വൈകുകയും ചിലത് പൂർണമായി റദ്ദാക്കുകയും ചെയ്തതോടെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ പ്രതിസന്ധിയിലായി. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ ഇതര ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ ബാധിച്ചത്. വിവിധ ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സർവീസുകൾ തടസ്സപ്പെട്ടതോടെ, യുഎഇ വഴി കണക്റ്റിങ് വിമാനങ്ങളിൽ കേരളത്തിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും മടങ്ങാനിരുന്ന പ്രവാസികളും മറ്റ് ഗൾഫ് നാടുകളിലേക്ക് ജോലി ആവശ്യങ്ങൾക്കായി യാത്ര തിരിച്ചവരും വിമാനത്താവളങ്ങളിൽ കുടുങ്ങി. എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം കൂടുതൽ സുരക്ഷിതമായ ബദൽ റൂട്ടുകൾ തിരഞ്ഞെടുക്കേണ്ടി വരുന്നത് യാത്രാ സമയം വർധിക്കാനും ഷെഡ്യൂളുകൾ തെറ്റാനും കാരണമാകുന്നുണ്ട്. അതേസമയം, അടുത്ത മാസത്തോടെ യൂറോപ്യൻ വിമാനക്കമ്പനികൾ യുഎഇയിലേക്കുള്ള സർവീസുകൾ ഘട്ടമായി പുനരാരംഭിക്കാൻ ഒരുങ്ങുന്നത് യാത്രാമേഖലയ്ക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്. നിലവിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് വിമാനക്കമ്പനികൾ യാത്രക്കാർക്ക് കർശന ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി എയർലൈനുകളുടെ വെബ്സൈറ്റോ മൊബൈൽ ആപ്പോ വഴി സർവീസുകളുടെ കൃത്യമായ സമയം പരിശോധിച്ച് ഉറപ്പുവരുത്തണം. ബോർഡിങ്, സുരക്ഷാ പരിശോധനകൾ എന്നിവയ്ക്ക് കൂടുതൽ സമയമെടുക്കാൻ സാധ്യതയുള്ളതിനാൽ വിമാനം പുറപ്പെടുന്നതിന് 3 മുതൽ 4 മണിക്കൂർ മുൻപെങ്കിലും അതത് ടെർമിനലുകളിൽ എത്തിച്ചേരണമെന്നും അധികൃതർ നിർദേശിച്ചു.