UAE hero maid; സിനിമയല്ലിത്, മരണമുഖത്തെ ജീവിതം! 7 വയസുകാരനെ വിട്ടില്ല; ആഴമേറിയ കിണറ്റിൽ ജീവൻ പണയംവെച്ച് രക്ഷകയായ പ്രവാസി യുവതി

UAE hero maid; സ്വന്തം ജീവനേക്കാൾ പോറ്റുന്ന കുഞ്ഞിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകി ഏഴ് വയസുകാരന് രക്ഷകയായ എത്യോപ്യൻ യുവതി യുഎഇയുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നു. വീട്ടുജോലിക്കാരിയായ 25-കാരിയുടെ അസാമാന്യ ധൈര്യമാണ് കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ട പിഞ്ചുകുഞ്ഞിന് പുതുജീവിതം സമ്മാനിച്ചത്. ഫുജൈറയിലെ മെറാഷിദ് മേഖലയിലുള്ള ഒരു വില്ലയിലാണ് സിനിമയെപ്പോലും വെല്ലുന്ന ഈ രക്ഷാപ്രവർത്തനം നടന്നത്. ഒക്ടോബർ മൂന്നിന് വൈകിട്ട് 3.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. വീടിന്റെ പിന്നാമ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയോടൊപ്പം എത്തിയതായിരുന്നു യുവതി. മരപ്പലകകളും കല്ലുകളും നിരത്തി താൽക്കാലികമായി മൂടിയിരുന്ന ഒരു ആഴക്കിണറിന്റെ മുകളിലേക്ക് ഇരുവരും അറിയാതെ കയറി നിൽക്കുകയായിരുന്നു. ഭാരം താങ്ങാനാകാതെ മൂടി തകർന്നു വീണതോടെ ഇരുവരും നേരെ കിണറ്റിലേക്ക് പതിച്ചു.

വീഴ്ചയുടെ ആഘാതത്തിൽ യുവതിയുടെ ഒരു കാലിന് ഗുരുതരമായി പരിക്കേൽക്കുകയും എല്ല് പൊട്ടുകയും ചെയ്തു. എന്നാൽ മരണഭയവും കഠിനമായ വേദനയും മുന്നിൽനിൽക്കുമ്പോഴും കുഞ്ഞിനെ കൈവിടാൻ അവർ തയ്യാറായില്ല. കിണറിന്റെ ഭിത്തിയിലുണ്ടായിരുന്ന ഒരു ലോഹക്കമ്പിയിൻമേൽ സാഹസികമായി ശരീരം താങ്ങിനിർത്തിക്കൊണ്ട് കുട്ടിയെ കൂടുതൽ ആഴത്തിലേക്ക് വീഴാതെ അവർ മുറുകെ ചേർത്തുപിടിച്ചു. തുടർന്ന് കിണറ്റിനുള്ളിൽനിന്ന് യുവതി ഉച്ചത്തിൽ നിലവിളിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ മറ്റൊരു വീട്ടുജോലിക്കാരി ഉടൻതന്നെ പോലീസിനെയും ഫുജൈറ സിവിൽ ഡിഫൻസിനെയും വിവരമറിയിച്ചു. നിമിഷങ്ങൾക്കകം പോലീസും നാഷണൽ ആംബുലൻസും സിവിൽ ഡിഫൻസ് സംഘവും സ്ഥലത്തെത്തി അതിവേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തകർ കിണറ്റിലിറങ്ങിയപ്പോഴും കുട്ടിയെ സുരക്ഷിതമായി നെഞ്ചോട് ചേർത്തുപിടിച്ച നിലയിലായിരുന്നു യുവതി. തന്നെക്കാൾ മുൻപ് കുട്ടിയെ പുറത്തെത്തിക്കാൻ അവർ രക്ഷാപ്രവർത്തകരോട് ആവശ്യപ്പെട്ടു. തുടർന്ന് അതീവ ജാഗ്രതയോടെ കുട്ടിയെയും പിന്നീട് യുവതിയെയും സംഘം പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് വ്യക്തമായതോടെ അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു. എന്നാൽ, കാലിന് സാരമായ പൊട്ടലേറ്റ യുവതി ഫുജൈറ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് അപകടം നടന്ന കിണർ ഉറപ്പുള്ള ഇരുമ്പ് മൂടിയിട്ട് അടയ്ക്കുകയും ചുറ്റും സുരക്ഷാവേലി നിർമ്മിക്കുകയും ചെയ്തു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വീടുകളിലും ഫാമുകളിലുമുള്ള കിണറുകൾ കൃത്യമായി മൂടി സുരക്ഷിതമാക്കണമെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും ഫുജൈറ സിവിൽ ഡിഫൻസ് കർശന നിർദ്ദേശം നൽകി. സ്വന്തം എല്ല് ഒടിഞ്ഞിട്ടും വേദന കടിച്ചമർത്തി ഒരു കുഞ്ഞിന്റെ ശ്വാസം നിലച്ചുപോകാതിരിക്കാൻ അവസാന നിമിഷം വരെ പൊരുതിയ ഈ 25-കാരിയുടെ നിസ്വാർത്ഥമായ ധീരതയ്ക്ക് സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy