
Beware of roadside scams; യുഎഇയിലെ തെരുവുകളിലും സിഗ്നലുകളിലും യാത്രാവേളകളിൽ സഹായം അഭ്യർത്ഥിച്ച് എത്തുന്നവരെ കരുതിയിരിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. യാത്രാചെലവിനായി പണമില്ലെന്ന് പറഞ്ഞ് വാഹനയാത്രക്കാരുടെ സഹതാപം പിടിച്ചുപറ്റി പണം തട്ടാൻ ശ്രമിച്ച 22 അംഗ സംഘത്തെ ദുബായ് പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. പ്രധാന റോഡുകളിലും സിഗ്നലുകളിലും വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുന്നത് ഭിക്ഷാടന നിരോധന നിയമത്തിന് എതിരാണ് എന്ന് മാത്രമല്ല, കടുത്ത റോഡ് സുരക്ഷാ ഭീഷണിയുമാണ്. ഭിക്ഷ നൽകാനായി ഡ്രൈവർമാർ പെട്ടെന്ന് വാഹനം നിർത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യുന്നത് പിന്നിൽ വരുന്ന വാഹനങ്ങൾ തമ്മിൽ ഇടിക്കാൻ ഇടയാക്കും. തിരക്കേറിയ റോഡുകളിൽ ആളുകൾ വാഹനങ്ങൾക്കിടയിലൂടെ നടക്കുന്നത് വലിയ അപകടങ്ങൾക്കാണ് വഴിതെളിക്കുക. യുഎഇ ഫെഡറൽ നിയമപ്രകാരം ഭിക്ഷാടനം കുറ്റകരമാണ്. വ്യക്തിഗതമായി ഭിക്ഷ ചോദിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവും 5,000 ദിർഹം പിഴയും ലഭിക്കാം. എന്നാൽ, സംഘടിതമായി ഭിക്ഷാടനം നടത്തുന്നവർക്കെതിരെ ഇതിലും കടുത്ത ശിക്ഷയാണുള്ളത്. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കുന്നവർക്ക് ആറുമാസം തടവും കുറഞ്ഞത് 1 ലക്ഷം ദിർഹം പിഴയും ലഭിക്കും. കുറ്റക്കാരായി കണ്ടെത്തുന്ന വിദേശികളെ നാടുകടത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ആരോഗ്യമുള്ള ഒരാൾക്ക് വ്യക്തമായ വരുമാന മാർഗമുണ്ടായിട്ടും ഭിക്ഷാടനം നടത്തുന്നത്, അംഗവൈകല്യമോ ശാരീരിക പ്രശ്നങ്ങളോ ഉണ്ടെന്ന് നടിക്കുന്നത്, മറ്റുളളവരുടെ സഹതാപം നേടാൻ മറ്റ് മാർഗങ്ങൾ ഉപയോഗിക്കുന്നത്, ഇതെല്ലാം ഗുരുതരമായ കുറ്റകൃത്യമാണ്. ഒറ്റയ്ക്ക് ഭിക്ഷാടനം നടത്തുന്നതും, സംഘടിതമായി ഭിക്ഷാടനം നടത്തുന്നതും നിയമത്തിൽ വ്യത്യസ്തമായാണ് പരിഗണിക്കുന്നത്. രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘടിത ഭിക്ഷാടന പ്രവർത്തനം നിയന്ത്രിക്കുന്നവർക്ക് ആറുമാസം തടവും കുറഞ്ഞത് 1,00,000 ദിർഹം പിഴയും കിട്ടും.
കുറ്റക്കാരനെന്ന് കോടതി വിധിക്കുന്ന സാഹചര്യത്തിൽ ഭിക്ഷാടനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണമോ വസ്തുക്കളോ കണ്ടുകെട്ടാനും നിയമം അനുവദിക്കുന്നു. ഈ വിദേശ പൗരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നാടുകടത്തൽ ഉത്തരവിടാനും വ്യവസ്ഥയുണ്ട്.
സംഘടിത ഭിക്ഷാടനത്തിനെതിരെ ദുബായ് പൊലീസ് കൃത്യമായ പരിശോധനകൾ നടത്താറുണ്ട്. 2025 മേയിൽ, ഹോട്ടലിനെ താവളമാക്കി സംഘടിതമായി ഭിക്ഷാടനം നടത്തിയതായി കണ്ടെത്തിയ 41 പേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്ദർശക വിസയിൽ യുഎഇയിലെത്തിയ ഇവരിൽ നിന്ന് 60,000 ദിർഹത്തിലേറെ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രാർഥനാമാലകളും മറ്റ് സാധനങ്ങളും വിൽക്കുന്നതിന്റെ മറവിൽ പൊതുജനങ്ങളിൽ നിന്ന് പണം ആവശ്യപ്പെട്ടുവെന്നായിരുന്നു അന്നത്തെ കേസ്. 2026 ഫെബ്രുവരിയിൽ, ആഡംബരവാഹനങ്ങളെ ലക്ഷ്യമാക്കി ഭിക്ഷാടനം നടത്തിയ വ്യക്തിയിൽ നിന്ന് 20,000 ദിർഹമാണ് പൊലീസ് പിടിച്ചെടുത്തത്. പാർക്കിങ് സ്ഥലങ്ങളിലും ട്രാഫിക് സിഗ്നലുകളിലും ആഡംബര വാഹനങ്ങളുടെ ഉടമകളെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ പ്രവർത്തനമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസമാണ് വാഹനങ്ങൾ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ട 22 പേരടങ്ങുന്ന സംഘത്തിനെതിരായ പൊലീസ് നടപടിയുണ്ടായത്. യുഎഇയിലെ ഭിക്ഷാടന വിരുദ്ധ നിയമത്തിന്റെ ലക്ഷ്യം ശിക്ഷിക്കൽ മാത്രമല്ല. ഭിക്ഷാടനം സമൂഹത്തിൽ നിന്ന് പൂർണമായും ഇല്ലാതാക്കുക എന്നതാണെന്ന് അഭിഭാഷകനായ ഷബീൽ ഉമ്മർ പറയുന്നു.‘പിടിയിലാകുന്നവരിൽ ഭൂരിഭാഗവും യഥാർഥ ആവശ്യക്കാരല്ല. ജനങ്ങളുടെ കരുണയെ ചൂഷണം ചെയ്യുന്ന സംഘങ്ങളാണ്. റോഡരികിൽ നമ്മൾ നൽകുന്ന പണം പലപ്പോഴും ഇവരിലേക്കാണ് എത്തുന്നത്’– ഷബീൽ ഉമ്മർ വിലയിരുത്തുന്നു.
സർക്കാർ ആർക്കും കൈനീട്ടേണ്ടി വരാതിരിക്കാൻ ശക്തമായ സംവിധാനങ്ങൾളാണ് ഒരുക്കിയിട്ടുള്ളത്. വരുമാനം കുറഞ്ഞ കുടുംബങ്ങൾക്കുള്ള സാമൂഹിക ക്ഷേമ പദ്ധതികൾ, സക്കാത്ത് ഫണ്ട് എന്നിവയ്ക്ക് പുറമെ എമിറേറ്റ്സ് റെഡ് ക്രസൻ്റ്, ദാർ അൽ ബെർ, ദുബായ് ചാരിറ്റി അസോസിയേഷൻ പോലുള്ള അംഗീകൃത സ്ഥാപനങ്ങൾ വഴിയുള്ള സഹായവും ലഭ്യമാണ്. തൊഴിൽ നഷ്ട ഇൻഷുറൻസ്, വേജ് പ്രൊട്ടക്ഷൻ സിസ്റ്റം എന്നിവ തൊഴിലാളികൾക്കും സംരക്ഷണം നൽകുന്നു. ‘സിഗ്നലിൽ പണം നൽകുന്നതിനു പകരം ആ തുക അംഗീകൃത ചാരിറ്റികൾ വഴി നൽകുന്നതാണ് യഥാർഥ കരുണ’ ഷബീൽ ഉമ്മർ പറയുന്നു. തെരുവുകൾക്ക് പുറമെ സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ ഭിക്ഷാടനവും യുഎഇയിൽ കുറ്റകരമാണ്. യഥാർത്ഥത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തെരുവിലിറങ്ങി ഭിക്ഷ ചോദിക്കുകയല്ല വേണ്ടത്. ദുബായിൽ ഔദ്യോഗിക സഹായ സംവിധാനങ്ങളും എമിറേറ്റ്സ് റെഡ് ക്രസന്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ പോലുള്ള അംഗീകൃത ജീവകാരുണ്യ സ്ഥാപനങ്ങളും ലഭ്യമാണ്. സിഗ്നലുകളിൽ പണം നൽകുന്നതിന് പകരം അംഗീകൃത ചാരിറ്റികൾ വഴി സഹായം എത്തിക്കുന്നതാണ് സുരക്ഷിതമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ദുബായിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ‘പൊലീസ് ഐ’ ആപ്പ് വഴിയോ 901 എന്ന നമ്പറിലോ വിവരം അറിയിക്കാം. അടിയന്തര സാഹചര്യങ്ങളിൽ 999-ൽ വിളിക്കാവുന്നതാണ്.