Abootty Valliyil Saudi death sentence; നാട്ടിലേക്ക് പറക്കാൻ മണിക്കൂറുകൾ മാത്രം! ഒരു സൗഹൃദം വരുത്തിയ വിന; ​ഗൾഫിൽ വധശിക്ഷ നടപ്പാക്കിയ മലയാളി യുവാവിന്റെ നൊമ്പരപ്പെടുത്തുന്ന കഥ

Abootty Valliyil Saudi death sentence; സൗദി അറേബ്യയിൽ ലഹരിമരുന്ന് കേസിൽ വധശിക്ഷയ്ക്ക് വിധേയനായ കണ്ണൂർ സ്വദേശി അബൂട്ടി വള്ളിയിലിന്റെ ദാരുണാന്ത്യം പ്രവാസലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. നാട്ടിലേക്ക് തിരിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഒരു സുഹൃത്തിന്റെ സഹായഭ്യർത്ഥന സ്വീകരിച്ച് യാത്ര തിരിച്ച അബൂട്ടി ചെന്നിപ്പെട്ടത് മരണക്കെണിയിലായിരുന്നു. അബൂട്ടിയെ ജയിലിൽ വെച്ച് കണ്ടുമുട്ടിയ അന്നത്തെ ആ ഞെട്ടിക്കുന്ന നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് റിയാദിലെ മുൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി. 2023 ഡിസംബർ രണ്ടിന് രാത്രി 11.45നുള്ള എയർ ഇന്ത്യ വിമാനത്തിൽ റിയാദിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ കരിപ്പൂരിലെത്തുമെന്നാണ് അബൂട്ടി വീട്ടുകാരെ അറിയിച്ചിരുന്നത്. പ്രിയപ്പെട്ടവനെ കാത്ത് കുടുംബം വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും അദ്ദേഹം എത്തിയില്ല. തുടർന്ന് കുടുംബാംഗങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയെ വിവരമറിയിക്കുകയായിരുന്നു. എംബസി നടത്തിയ അന്വേഷണത്തിലാണ് അങ്ങനെയൊരു യാത്രക്കാരൻ അന്നേദിവസം വിമാനത്തിൽ കയറിയിട്ടില്ലെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബവും സാമൂഹിക പ്രവർത്തകരും ചേർന്ന് നടത്തിയ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് വിഷയം സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി അൽ അഹ്‌സ ജയിൽ സന്ദർശിക്കാൻ എംബസി പ്രതിനിധികളായ യൂസഫ് കാക്കഞ്ചേരിക്കും രാജീവ് സിക്രിക്കും അനുമതി ലഭിച്ചു. അവിടെയുണ്ടായിരുന്ന തടവുകാരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനിടയിലാണ് ഒരു കോണിൽ താടിക്കു കയ്യും കൊടുത്തു ശോകമൂകനായി ഇരിക്കുന്ന മലയാളി യുവാവ് യൂസഫിന്റെ ശ്രദ്ധയിൽപ്പെടുന്നത്. പേര് ചോദിച്ചപ്പോഴാണ് രണ്ടാഴ്ചയായി എംബസിയും ബന്ധുക്കളും തപ്പിയ അബൂട്ടിയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. അരമണിക്കൂറോളം യൂസഫ് അബൂട്ടിയോട് കാര്യങ്ങൾ സംസാരിച്ചു. ഒമാനിൽ നിന്ന് ഒരു ലാൻഡ് ക്രൂയിസർ കാറുമായി സൗദിയിലേക്ക് പുറപ്പെടാൻ ഒരു സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് അബൂട്ടി ആ യാത്ര തിരിച്ചത്. വാഹനം സൗദിയിലെത്തിച്ച് സുഹൃത്തിന് കൈമാറിയ ശേഷം ഉടൻ നാട്ടിലേക്ക് മടങ്ങാമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ ഒമാൻ-സൗദി അതിർത്തിയായ ‘ഉമ്മു റമൂൽ’ വെച്ച് സൗദി ലഹരിമരുന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനം തടയുകയും അബൂട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വാഹനത്തിന്റെ ഇരട്ട പെട്രോൾ ടാങ്കുകളിലൊന്നിൽ ‘ഷാബു’ എന്നറിയപ്പെടുന്ന 43 കിലോ മെത്താഫെറ്റമിൻ ഒളിപ്പിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. എന്നാൽ വാഹനത്തിനുള്ളിൽ ലഹരിമരുന്നുണ്ടെന്ന കാര്യം തനിക്ക് യാതൊരു അറിവുമില്ലെന്നാണ് അബൂട്ടി അവസാന നിമിഷം വരെ പറഞ്ഞിരുന്നത്. ആദ്യം അൽ അഹ്‌സ വിചാരണ കോടതി അബൂട്ടിക്ക് 25 വർഷത്തെ തടവും ഒരു മില്യൻ റിയാൽ പിഴയുമാണ് വിധിച്ചത്. എന്നാൽ പബ്ലിക് പ്രോസിക്യൂഷൻ നൽകിയ അപ്പീലിനെ തുടർന്ന് അപ്പീൽ കോടതി ശിക്ഷ വധശിക്ഷയായി ഉയർത്തുകയായിരുന്നു. 2012ന് ശേഷം, 14 വർഷത്തിന് ശേഷമാണ് ലഹരിമരുന്ന് കേസിൽ മറ്റൊരു മലയാളിക്ക് കൂടി സൗദിയിൽ വധശിക്ഷ നടപ്പാക്കുന്നത്.

അറിഞ്ഞോ അറിയാതെയോ ലഹരിമരുന്ന് റാക്കറ്റിന്റെ വലയിൽ പെട്ടാൽ സ്വന്തം ജീവിതം തന്നെയാണ് ഹോമിക്കപ്പെടുന്നത്, യൂസഫ് കാക്കഞ്ചേരി ഓർമ്മിപ്പിക്കുന്നു. ചെറിയ സാമ്പത്തിക ലാഭത്തിനോ സൗഹൃദത്തിന്റെ പുറത്തോ അപരിചിതരുടെയോ മറ്റുള്ളവരുടെയോ വാഹനങ്ങളോ സാധനങ്ങളോ കൈമാറി കൊണ്ടുവരുന്ന ചതിക്കുഴികളിൽ പ്രവാസികൾ ഒരിക്കലും വീണുപോകരുതെന്നും അദ്ദേഹം താക്കീത് ചെയ്യുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy