Hormuz Strait Ship; ഹോർമുസിൽ ഇറാന്റെ ആക്രമണ ഭീഷണി; ജീവൻ പണയംവച്ച് കപ്പലോടിക്കാൻ സമ്മർദ്ദം, സഹായം തേടി മലയാളി ക്യാപ്റ്റൻ

Hormuz Strait Ship; ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഡ്രോൺ ആക്രമണ ഭീഷണികൾക്കിടയിലും, ജീവൻ പണയംവച്ച് ഹോർമുസ് കടലിടുക്ക് വഴി കപ്പലോടിക്കാൻ കമ്പനി സമ്മർദ്ദം ചെലുത്തുന്നതായി മലയാളി നാവികരുടെ പരാതി. വൈപ്പിൻ നായരമ്പലം സ്വദേശിയായ ക്യാപ്റ്റൻ അനിൽ രാജിന്റെ നേതൃത്വത്തിലുള്ള 16 അംഗ ഇന്ത്യൻ സംഘമാണ് മുംബൈ ആസ്ഥാനമായുള്ള ‘ആൽഫാർഡ് മാരിടൈം’ എന്ന കമ്പനിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മാർഷൽ ഐലൻഡ്‌സ് ഫ്ലാഗുള്ള ‘എഎം പയ്നീർ’ (AM Pioneer) എന്ന ഓഫ്ഷോർ സപ്ലൈ കപ്പലിലെ ജീവനക്കാരാണ് ഇവർ. അപകടസാധ്യതയുള്ള ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ നിർബന്ധിക്കില്ലെന്ന ഉറപ്പിലാണ് അനിൽ രാജും സംഘവും ജൂലൈയിൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ, നിലവിൽ റാസൽഖൈമയിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിനോട് ഹോർമുസ് വഴി പോകാൻ കമ്പനി അധികൃതർ ഇപ്പോൾ നിർബന്ധിക്കുകയാണെന്ന് ഇവർ പറയുന്നു. ഇതിന് വിസമ്മതിച്ചതോടെ വാട്സാപ്പ് കോളുകളിലൂടെ അധികൃതർ ഭീഷണിപ്പെടുത്തുന്നതായും നാവികർ പരാതിപ്പെട്ടു. ജീവൻ അപകടത്തിലാക്കി യാത്ര തുടരാൻ കഴിയില്ലെന്നും തങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് നാട്ടിലേക്ക് അയക്കണമെന്നും നാവികർ ആവശ്യപ്പെട്ടു. എന്നാൽ, അർഹമായ ശമ്പളമോ ആനുകൂല്യങ്ങളോ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റോ നൽകാൻ കമ്പനി തയ്യാറായിട്ടില്ല. കപ്പലിൽ ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ പരിമിതമായി മാത്രമാണ് നൽകുന്നതെന്നും നാവികർ ആരോപിക്കുന്നു. ഡിജി ഷിപ്പിംഗ്, ഇന്ത്യൻ എംബസി, ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് ഫെഡറേഷൻ തുടങ്ങിയ ഇടങ്ങളിൽ ജീവനക്കാർ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ട് ഡിജി ഷിപ്പിംഗിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ പതിവായത് നാവികരുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. സ്വന്തം ജീവൻ രക്ഷിക്കാനും സുരക്ഷിതമായി നാട്ടിലെത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ് ഈ മലയാളി നാവികനും സംഘവും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasiinfo - WordPress Theme by WPEnjoy