
FARMER Hidden Money; കഷ്ടപ്പെട്ട് സമ്പാദിച്ച പണം മോഷണം പോകുമെന്ന് ഭയന്ന് സുരക്ഷിതമായിരിക്കാൻ മണ്ണിൽ കുഴിച്ചിട്ട കർഷകന് ഒടുവിൽ ബാക്കിയായത് കണ്ണീർ മാത്രം. രാജസ്ഥാനിലെ ബാലോത്ര ജില്ലയിലെ പച്പദ്ര സ്വദേശിയായ മാംഗിലാൽ (50) എന്ന കർഷകനാണ് അഞ്ച് ലക്ഷം രൂപ ചിതൽ തിന്ന് നശിച്ച നിലയിൽ കണ്ടെത്തിയത്. വീട് പണിയുന്നതിനായി ഭൂമി വിറ്റ് ലഭിച്ച പണമാണ് ഇത്തരത്തിൽ നശിച്ചുപോയത്. ഒരു വർഷം മുമ്പാണ് മാംഗിലാൽ അഞ്ച് ലക്ഷം രൂപ ഒരു സഞ്ചിയിലാക്കി തന്റെ കൃഷിയിടത്തിൽ കുഴിച്ചിട്ടത്. എന്നാൽ മാസങ്ങൾക്ക് ശേഷം പണം എടുക്കാൻ വന്നപ്പോൾ കുഴിച്ചിട്ട സ്ഥലം കൃത്യമായി ഓർത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒടുവിൽ കഴിഞ്ഞ ദിവസം പറമ്പിലെ വേലി കെട്ടുന്നതിനിടെയാണ് യാദൃശ്ചികമായി സഞ്ചി കണ്ടെത്തിയത്. സഞ്ചി തുറന്നപ്പോൾ കണ്ടത് ചിതൽ തിന്ന് ഉപയോഗശൂന്യമായ നോട്ടുകളുടെ അവശിഷ്ടങ്ങൾ മാത്രമാണ്. നോട്ടുകൾ മാറ്റിയെടുക്കാൻ മാംഗിലാൽ ബാങ്കുകളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. നോട്ടുകൾ തിരിച്ചറിയാൻ കഴിയാത്ത വിധം നശിച്ചതിനാൽ സീരിയൽ നമ്പറുകൾ പോലും കാണാൻ കഴിഞ്ഞിരുന്നില്ല. നോട്ടുകൾ മാറ്റണമെങ്കിൽ ജയ്പൂരിലെ പ്രധാന ഓഫീസിൽ പോകണമെന്ന് ബാങ്ക് അധികൃതർ നിർദ്ദേശിച്ചെങ്കിലും, താൻ നിരക്ഷരനാണെന്നും അത്രയും ദൂരത്തേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് നിസ്സഹായാവസ്ഥയിലാണ് ഈ കർഷകൻ. വീട് പണിയാൻ കരുതിവെച്ച പണം ചിതൽ കൊണ്ടുപോയതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് മാംഗിലാലും കുടുംബവും.