
Calorie Information on Abu Dhabi Restaurant Menus അബൂദബി: ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ അതിലെ കലോറി അളവ് കൂടി ഉപഭോക്താക്കൾക്ക് അറിയാൻ അവസരം ഒരുക്കി അബൂദബി. എമിറേറ്റിലെ റസ്റ്റോറന്റുകൾ, കഫേകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളുടെ മെനുകളിൽ ഓരോ വിഭവത്തിലെയും കലോറി വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കുന്നു. 2027 ജൂൺ 1 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. അബൂദബിയുടെ സർക്കാർ നേതൃത്വത്തിലുള്ള ‘ഹെൽത്തി ലിവിങ്’ പദ്ധതിയും അബൂദബി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബൂദബി രജിസ്ട്രേഷൻ അതോറിറ്റിയും (ADRA) സംയുക്തമായാണ് പുതിയ നയം പ്രഖ്യാപിച്ചത്.
റസ്റ്റോറന്റുകൾക്കും കഫേകൾക്കും ബാധകം
റെഡി-ടു-ഈറ്റ് ഭക്ഷണവും പാനീയങ്ങളും നൽകുന്ന എല്ലാ സ്ഥാപനങ്ങൾക്കും പുതിയ നയം ബാധകമാണ്. റസ്റ്റോറന്റുകൾ, കഫേകൾ, ഫുഡ് ട്രക്കുകൾ, വിനോദ കേന്ദ്രങ്ങളിലെ ഭക്ഷണശാലകൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഭക്ഷണശാലകളിലെ അച്ചടിച്ച മെനുകൾക്ക് പുറമെ ഓൺലൈൻ മെനുകൾ, കടകൾക്കുള്ളിലെ ഡിസ്പ്ലേകൾ, സ്വയം ഓർഡർ ചെയ്യാനുള്ള കിയോസ്ക്കുകൾ, ഡ്രൈവ്-ത്രൂ മെനുകൾ, പരസ്യ ഫ്ലയറുകൾ, പ്രമോഷണൽ സാമഗ്രികൾ എന്നിവയിലും കലോറി വിവരങ്ങൾ രേഖപ്പെടുത്തണം.
ഓരോ വിഭവത്തിന്റെയും കലോറി അളവ് അറിയാം
ഓരോ ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും കലോറി അളവ് കിലോ കലോറി (kcal) എന്ന യൂണിറ്റിൽ വ്യക്തമായി പ്രദർശിപ്പിക്കണം. മുതിർന്നവർക്കും കുട്ടികൾക്കും ഒരു ദിവസം ആവശ്യമായ ശരാശരി കലോറി അളവ് സംബന്ധിച്ച വിവരങ്ങളും മെനുവിൽ ഉൾപ്പെടുത്തണം.
ഉപഭോക്താക്കൾ ആവശ്യപ്പെട്ടാൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയ മാക്രോ ന്യൂട്രിയന്റുകളുടെ അളവ് ഉൾപ്പെടെയുള്ള അധിക പോഷക വിവരങ്ങളും സ്ഥാപനങ്ങൾ നൽകണം.
താൽക്കാലിക ഭക്ഷണശാലകൾക്ക് ഇളവ്
ആറ് മാസത്തിൽ താഴെ മാത്രം പ്രവർത്തിക്കുന്ന താൽക്കാലിക ഭക്ഷണശാലകൾക്ക് പുതിയ നിബന്ധനയിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഉത്സവങ്ങൾ, പ്രത്യേക പരിപാടികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭക്ഷണശാലകളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.
കലോറി കണക്കാക്കുന്നതിൽ ഏകീകൃത മാനദണ്ഡം ഉറപ്പാക്കാൻ അധികൃതർ അഞ്ച് സ്റ്റാൻഡേർഡ് സംവിധാനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അബൂദബി പബ്ലിക് ഹെൽത്ത് സെന്ററിന്റെ (ADPHC) സൗജന്യ SEHHI Calorie Calculator ഇതിലൊന്നാണ്.
സ്ഥാപനങ്ങൾക്ക് ആറുമാസത്തെ സാവകാശം
പുതിയ നയം നടപ്പാക്കുന്നതിന് ഭക്ഷണശാലകൾക്ക് ആറുമാസത്തെ സാവകാശം അനുവദിക്കും. ഈ കാലയളവിൽ മെനുകൾ പരിഷ്കരിക്കാനും വിഭവങ്ങളുടെ പോഷകമൂല്യം വിലയിരുത്താനും ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനും സ്ഥാപനങ്ങൾക്ക് സാധിക്കും.
അബൂദബി ആരോഗ്യ വകുപ്പ്, പബ്ലിക് ഹെൽത്ത് സെന്റർ, അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, ക്വാളിറ്റി ആൻഡ് കോൺഫോർമിറ്റി കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നയം തയ്യാറാക്കിയത്.
94 ശതമാനം പേർ പിന്തുണച്ചു
അബൂദബിയിൽ നടത്തിയ പഠനത്തിൽ പങ്കെടുത്ത 5,000-ത്തിലധികം യുഎഇ നിവാസികളിൽ 94 ശതമാനം പേരും റസ്റ്റോറന്റ് മെനുകളിൽ കലോറി വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനെ പിന്തുണച്ചതായി അധികൃതർ അറിയിച്ചു. ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ അതിലെ കലോറി അളവ് അറിയുന്നത് കൂടുതൽ ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പൊതുജനങ്ങൾക്ക് ഭക്ഷണത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കുകയും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അബൂദബി പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്.