Kerala youth dies in Germany fire; എല്ലാ വെളിച്ചവും കെട്ടുകഴിയുമ്പോഴും നമുക്കുവേണ്ടി കത്തുന്ന ഒരു മെഴുകുതിരി എവിടെയെങ്കിലും ഉണ്ടാകും, അത് കണ്ടെത്തേണ്ട കാര്യമേയുള്ളൂ… കന്യാകുമാരി കടലിനെയും തിരുവള്ളുവർ പ്രതിമയെയും സാക്ഷിയാക്കി കുറച്ചുനാൾ മുൻപ് സിവിൻ ജോണി സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികളാണിത്. എന്നാൽ, മെച്ചപ്പെട്ടൊരു ഭാവിയും ജീവിതവും സ്വപ്നം കണ്ട് ജർമനിയിലെത്തി ഒരു മാസം തികയും മുൻപേ പ്രതീക്ഷകളുടെ ആ മെഴുകുതിരി അണഞ്ഞുപോയി. ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിലാണ് കാലടി തോട്ടകം കോനൂരാൻ വീട്ടിൽ സിവിൻ ജോണി (26) ദാരുണമായി മരണപ്പെട്ടത്. രണ്ടു ദിവസമായി മകനെ ഫോണിൽ കിട്ടാതെ ആശങ്കയിലായിരുന്ന പിതാവ് ജോണി ഔസേപ്പിനെ തേടി ഒടുവിൽ എത്തിയത് സിവിന്റെ വിയോഗവാർത്തയായിരുന്നു. അപകടത്തിൽപെട്ടെങ്കിലും സാരമില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ ജോണിയെ ആശ്വസിപ്പിച്ചിരുന്നെങ്കിലും, ഒടുവിൽ ഇന്ന് രാവിലെ നെഞ്ചുതകർക്കുന്ന ആ സത്യം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. സിവിന്റെ മാതാവ് ലിസി നേരത്തെ മരണപ്പെട്ടിരുന്നു.കഴിഞ്ഞ സെപ്റ്റംബർ 14-നാണ് സിവിൻ വലിയ പ്രതീക്ഷകളോടെ ജർമനിയിലേക്ക് തിരിച്ചത്. അങ്കമാലിയിലെ സ്വകാര്യ കോളേജിൽനിന്ന് ബികോം പൂർത്തിയാക്കിയ ശേഷം കുറച്ചുകാലം നാട്ടിൽ ജോലി ചെയ്തിരുന്നു. സഹോദരി സിമി അയർലൻഡിൽ നഴ്സാണ്. അനുജൻ സാൽവിൻ ജർമനിയിൽ നഴ്സിങ് വിദ്യാർഥിയും. ഇരുവരും നൽകിയ ധൈര്യത്തിലാണ് സിവിനും വിദേശത്തേക്ക് ചേക്കേറിയത്. ജർമനിയിലെത്തിയ ശേഷം അനുജനൊപ്പമായിരുന്നു താമസം. ബന്ധുവിന്റെ സ്ഥാപനത്തിൽ താൽക്കാലികമായി ജോലി ചെയ്തശേഷം, പുതിയൊരു ഹോട്ടൽ ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കെയാണ് ഈ ദുരന്തം ജീവൻ കവർന്നത്.
സിവിൻ പോയ അതേ ഏജൻസി വഴി ജർമനിയിലെത്തിയ ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25), കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27) എന്നിവരും ഇതേ തീപിടിത്തത്തിലാണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന സിവിന് ഇൻസ്റ്റാഗ്രാമിൽ നാൽപ്പതിനായിരത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ജർമനിയിലെത്തിയതിന്റെ സന്തോഷത്തിൽ ബെർലിന്റെയും മറ്റ് നഗരങ്ങളുടെയും ദൃശ്യങ്ങൾ സിവിൻ സുഹൃത്തുക്കൾക്കായി പങ്കുവെച്ചിരുന്നു. ഒക്ടോബർ എട്ടിന് കൊളോണിലെ പ്രശസ്തമായ കത്തീഡ്രലിന് മുന്നിൽ നിന്ന് പകർത്തിയ ചിത്രമായിരുന്നു അവസാനമായി പോസ്റ്റ് ചെയ്തത്. അടുത്ത അവധിക്കാലത്ത് നാട്ടിലെത്തുമ്പോൾ സഹോദരിയുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു കുടുംബം. നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയങ്കരനായ ഒരു ചെറുപ്പക്കാരന്റെ വിയോഗത്തിൽ നാടാകെ വിറങ്ങലിച്ചു നിൽക്കുകയാണ്. ഈയാഴ്ച തന്നെ സിവിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.