
Dubai Desert Execution 7 Minutes; 9 വയസ്സുകാരിയായ കൊച്ചുമകൾ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ വധശിക്ഷ നടപ്പാക്കുന്നതിനിടയിൽ സംഭവിച്ചത് അവിശ്വസനീയമായ ചില യാഥാർത്ഥ്യങ്ങളാണെന്ന് ദുബായിലെ മുൻ പ്രോസിക്യൂട്ടറും നിയമ വിദഗ്ധനുമായ ആരിഫ് ബൗശാഖർ അൽ ഫലാസി വെളിപ്പെടുത്തി. ‘ഖാഫ് നൂൻ’ പോഡ്കാസ്റ്റിലാണ് അദ്ദേഹം വർഷങ്ങൾക്ക് മുമ്പുള്ള ആ ഞെട്ടിക്കുന്ന ഓർമ്മകൾ പങ്കുവെച്ചത്. 1996-ലോ 1997-ലോ ദുബായിൽ നടന്ന ആദ്യ വധശിക്ഷകളിൽ ഒന്നാണിത്. വധശിക്ഷയ്ക്ക് മേൽനോട്ടം വഹിച്ചത് ആരിഫ് ആയിരുന്നു. ഫയറിങ് സ്ക്വാഡിന്റെ ആദ്യ വെടിയുതിർത്തിട്ടും പ്രതി മരിച്ചിരുന്നില്ല. തുടർന്ന് പ്രതി 7 മിനിറ്റോളം ജീവനുവേണ്ടി പിടഞ്ഞു. മെഡിക്കൽ ഡോക്ടർ ഹൃദയഭാഗത്ത് തെറ്റായ രീതിയിൽ അടയാളം വെച്ചതുകൊണ്ടാണ് പ്രതി ആദ്യ തവണ രക്ഷപ്പെട്ടത്. തന്റെ ആദ്യത്തെ അനുഭവമായതിനാൽ പരിഭ്രാന്തനായാണ് ഡോക്ടർ ആ അടയാളം വെച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു. തുടർന്ന് ആരിഫിന്റെ ഉത്തരവ് പ്രകാരമാണ് രണ്ടാമതും വെടിയുതിർത്ത് വധശിക്ഷ പൂർത്തിയാക്കിയത്. എന്നാൽ പ്രോസിക്യൂഷൻ ഓഫീസിൽ മടങ്ങിയെത്തിയ ശേഷം ഒറിജിനൽ കൊലപാതക കേസിന്റെ ഫോറൻസിക് റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് ആരിഫിനെ തേടി ആ ഞെട്ടിക്കുന്ന തിരിച്ചറിവിയെത്തിയത്. ആ കുഞ്ഞുപെൺകുട്ടി ക്രൂരപീഡനത്തിനിരയായി ശ്വാസം മുട്ടി മരിക്കാൻ എടുത്ത സമയം ഏകദേശം 6 മുതൽ 7 മിനിറ്റ് വരെയായിരുന്നു! ആ കൊലയാളി വെടിയേറ്റ് പിടഞ്ഞുകിടന്ന അതേ 7 മിനിറ്റ് തന്നെയാണ്, തന്റെ ജീവനുവേണ്ടി ആ ഒമ്പതുകാരിയും പിടഞ്ഞുതീർത്തത്. ഇതിനെ ഒരു ‘ദൈവിക നീതി’യായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഒരു ഒമ്പത് വയസ്സുകാരിയെ കാണാനില്ലെന്ന പരാതിയിൽ ദുബായ് പൊലീസ് സ്നിഫർ നായ്ക്കളുടെ സഹായത്തോടെയാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിനിടയിൽ പൊലീസ് നായ്ക്കൾ ഒരു പ്രത്യേക വീടിന് മുന്നിൽ നിർത്തി നിരന്തരം കുരച്ചുകൊണ്ട് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. പരിശോധനയിൽ തുടക്കത്തിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും, ദിവസങ്ങൾക്ക് ശേഷം മുൻനിസിപ്പാലിറ്റി ജീവനക്കാരാണ് മാലിട്ടി പെട്ടിയിൽ ഒളിപ്പിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ഒരു വീട്ടിലെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കൊലപാതകത്തിന് ശേഷം മുഖ്യപ്രതി യു.എ.ഇ വിട്ട് രക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് പിടികൂടി രാജ്യത്ത് എത്തിക്കുകയായിരുന്നു. അന്നത്തെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ട് സംഭവസ്ഥലം സന്ദർശിക്കുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.
കോടതി വിചാരണയ്ക്ക് ശേഷം മുഖ്യപ്രതിക്ക് വധശിക്ഷയും കൂട്ടുപ്രതിക്ക് 15 വർഷത്തെ തടവും വിധിച്ചു. അൽ റുവയ്യ മരുഭൂമിയിൽ ഫയറിങ് സ്ക്വാഡ് വഴിയാണ് വധശിക്ഷ നടപ്പാക്കിയത്. കുഞ്ഞിന്റെ അമ്മയും ആ സ്ഥലത്ത് എത്തിയിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ്, പ്രതിക്ക് മാപ്പുനൽകാൻ മനസ്സുണ്ടോ അതോ ശിക്ഷയുമായി മുന്നോട്ട് പോകണോ എന്ന് ആരിഫ് അമ്മയോട് ചോദിച്ചു. ആ കുഞ്ഞിന്റെ വേർപാടിൽ കഴിഞ്ഞ 6 മാസമായി തനിക്ക് ഒരു രാത്രിപോലും സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ആ അമ്മയുടെ മറുപടി. ആദ്യ വെടിയൊച്ച കേട്ട ഉടൻ തന്നെ അവർ ഡ്രൈവർക്കൊപ്പം അവിടെനിന്നും മടങ്ങി. ഒരു കുഞ്ഞിന്റെ ദാരുണമായ വിയോഗവും അന്വേഷണ പാഠങ്ങളും തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് ആരിഫ് ഓർക്കുന്നു.