Posted By christymariya Posted On

വൻ സാമ്പത്തിക തിരിമറിക്കേസ്: ഇന്ത്യൻ വ്യവസായിക്ക് തടവും നാടുകടത്തലും വിധിച്ച് യുഎഇ കോടതി

സാമ്പത്തിക തിരിമറിക്കേസിൽ, ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജനായ വ്യവസായി ബൽവിന്ദർ സിങ് സാഹ്നിയെ ജയിലിലടയ്ക്കാനും ഇതിനുശേഷം നാടുകടത്താനും വിധിച്ച് ദുബായ് കോടതി. 5 വർഷം തടവ് അനുഭവിക്കുന്നതിനൊപ്പം 5 ലക്ഷം ദിർഹം (ഏകദേശം ഒരു കോടി 15 ലക്ഷം രൂപ) പിഴയുമടയ്ക്കണം. 150 ദശലക്ഷം ദിർഹം വിലമതിക്കുന്ന (ഏകദേശം 3446 ദശലക്ഷം രൂപ)‌ വസ്തുക്കൾ കണ്ടുകെട്ടാനും ദുബായ് നാലാം ക്രിമിനൽ കോടതി വിധിച്ചിട്ടുണ്ട്. ദുബായ് കേന്ദ്രീകരിച്ച് ഇന്ത്യ, യു‌എഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന രാജ് സാഹ്നി ഗ്രൂപ്പിന്റെ (ആർഎസ്ജി) സ്ഥാപകനും ചെയർമാനുമാണ് 53 വയസ്സുകാരനായ ബൽവിന്ദർ സിങ് സാഹ്നി. ദുബായിലെ പ്രമുഖ വ്യവസായിയായ സാഹ്നി വ്യാജരേഖകളുണ്ടാക്കിയും ഷെൽ കമ്പനികൾ വഴിയും 150 ദശലക്ഷം ദിർഹത്തിന്റെ സാമ്പത്തിക തിരിമറി നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു. തടവുശിക്ഷ പൂർത്തീകരിച്ച ശേഷം നാടുകടത്തൽ നടപടികളിലേക്കു നീങ്ങും. മകനടക്കം മറ്റു 33 പേരും സാഹ്നിക്കൊപ്പം ശിക്ഷിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ബർദുബായി പൊലീസ് സ്റ്റേഷനിലാണ് സാഹ്നിയടക്കം 30 പേർക്കെതിരെ പരാതി ലഭിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *