പ്രവാസി മലയാളി നമ്പി രാജേഷിന്റെ മരണം; കമ്പനിക്ക് ഉത്തരവാദിത്വമില്ല, നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ
പ്രവാസി മലയാളിയായ നമ്പി രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്റെ കുടുംബത്തിന് ഇമെയിലിലൂടെയാണ് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. കൂടാതെ മരണത്തിന് ഉത്തരവാദി തങ്ങളല്ലെന്നും ഇമെയിൽ സന്ദേശത്തിലൂടെ അറിയിച്ചു. എയർ ഇന്ത്യ സമരത്തെ തുടർന്ന് ഒമാനിൽ ഹൃദയാഘാതം വന്ന നമ്പി രാജേഷിനടുത്ത് ഭാര്യക്ക് എത്താൻ സാധിച്ചിരുന്നില്ല. അവസാനമായി ഒരു നോക്ക് കാണുന്നതിന് മുൻപ് തന്നെ നമ്പി രാജേഷ് മരിക്കുകയായിരുന്നു. കുടുംബത്തിൻ്റെ ആവശ്യത്തെ തുടർന്ന് നഷ്ടപരിഹാരം നല്കാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് കുടുംബത്തിന് നേരത്തെ ഇ- മെയിൽ സന്ദേശം അയച്ചിരുന്നു. കുടുംബം ആവശ്യപ്പെട്ട കാര്യം പരിശോധിക്കുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഇ മെയിലിൽ പറഞ്ഞു. ഇമെയിലിലൂടെയാണ് കുടുബം നഷ്ട പരിഹാരം വേണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിനോട് ആവശ്യപ്പെട്ടത്.
2024 മെയ് ഏഴിനായിരുന്നു രാജേഷിനെ ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് നാട്ടിൽ നിന്ന് ഒമാനിലേക്ക് പോകാൻ ഭാര്യ അമൃത ടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. തുടർന്ന് വീണ്ടും ടിക്കറ്റ് എടുത്തെങ്കിലും സമരം മൂലം ആ സർവീസും റദ്ദാക്കിയിരുന്നു. ഇതോടെ വീണ്ടും യാത്ര മുടങ്ങി. എന്നാൽ മെയ് 13 ന് രാവിലെ രോഗം മൂർച്ഛിച്ച് രാജേഷ് മരണത്തിന് കീഴടങ്ങി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)