Posted By user Posted On

യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്! എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

യുഎഇയിൽ എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടാൽ പുതിയതിന് അപേക്ഷിക്കാൻ വൈകരുതെന്ന നിർ​ദേശവുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). ഐഡി നഷ്ടപ്പെടുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ അടിയന്തരമായി പുതിയ കാർഡിന് അപേക്ഷിക്കണം. ഐസിപിയുടെ ഹാപ്പിനസ് സെന്ററിലാണ് കാർഡ് നഷ്ടമായ വിവരം ആദ്യം അറിയിക്കേണ്ടത്. നഷ്ടപ്പെട്ട ഐഡി കാർഡ് റദ്ദാക്കുകയും പകരം സ്ഥിരം നമ്പറുള്ള പുതിയ കാർഡിന് അപേക്ഷിക്കുകയും ചെയ്യുകയാണ് ആദ്യ നടപടി. അപ്പോൾ അപേക്ഷന് കാർഡ് നഷ്ടപ്പെട്ടെന്ന് രേഖപ്പെടുത്തിക്കൊണ്ടുള്ള രേഖ ലഭിക്കും.
പുതിയ കാർഡിന് അപേക്ഷിക്കുമ്പോൾ സ്വദേശികൾ പാസ്പോർട്ടും കുടുംബ പൗരത്വ വിശദാംശങ്ങളും അടങ്ങിയ രേഖയും ജിസിസി രാജ്യക്കാർ താമസ രേഖയുമാണ് നൽകേണ്ടത്. വിദേശികളായവർ പാസ്പോർട്ടും കാലാവധിയുള്ള വീസ പകർപ്പും നൽകണം. അതേസമയം 15 വയസ്സിനു താഴെയുള്ളവർക്ക് ജനന സർട്ടിഫിക്കറ്റും വെള്ള നിറം പശ്ചാത്തലമായുള്ള കളർ ഫോട്ടോയും നൽകേണ്ടതാണ്. പുതിയ കാർഡിനായുള്ള ഫീസ് സ്മാർട്ട് ആപ്പിലൂടെയോ അംഗീകൃത ടൈപ്പിങ് സെന്ററിലൂടെയോ അടയ്ക്കാവുന്നതാണ്. 300 ദിർഹമാണ് നിരക്ക് ഇതുകൂടാതെ 70 ദിർഹം സേവന നിരക്കും സ്ഥാപനങ്ങൾ ഈടാക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കുന്നതെങ്കിൽ സേവന നിരക്ക് 40 ദിർഹമായിരിക്കും. അപേക്ഷ നൽകിയാൽ 48 മണിക്കൂറിനുള്ളിൽ പുതിയ കാർഡ് ലഭിക്കുന്നതാണ്.

കാലാവധി കഴിഞ്ഞ് 30 ദിവസം കഴിഞ്ഞ ഐഡി കാർഡുകൾ പുതുക്കുമ്പോൾ വൈകിയ ഓരോ ദിവസത്തിനും 20 ദിർഹം വീതം പിഴയടയ്ക്കേണ്ടി വരും. പുതിയ ഐഡി കാർഡ് എടുക്കുന്നതു വൈകിയാൽ പരമാവധി 1000 ദിർഹം വരെ പിഴയുണ്ട്. സ്ഥാപനങ്ങൾ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ, അതായത് ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടേതല്ലാത്ത രേഖകൾ താമസകുടിയേറ്റ വകുപ്പിലോ മറ്റോ സമർപ്പിച്ചാൽ കമ്പനി പ്രതിനിധിക്ക് (മൻദൂബ്) 500 ദിർഹം പിഴ ചുമത്തും. ഇടപാടുകൾക്ക് ചുമതലപ്പെടുത്തപ്പെട്ട കമ്പനി പ്രതിനിധിയുടെ കാർഡ് പുതുക്കാതിരിക്കുക, കാലഹരണപ്പെട്ട കാർഡ് കാണിച്ച് ഇടപാടുകൾ പൂർത്തിയാക്കാൻ ശ്രമിക്കുക തുടങ്ങിയവയ്ക്കും 500 ദിർഹം പിഴയുണ്ട്. സർക്കാർ സംവിധാനങ്ങൾ ദുരുപയോ​ഗം ചെയ്യുക, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്ക് സഹകരിക്കാതിരിക്കുക, തടസ്സപ്പെടുത്തുക, ഫീസ് മാനദണ്ഡങ്ങൾ ലംഘിക്കുക എന്നീ നിയമലംഘനങ്ങൾക്ക് 5000 ദിർ​ഹമാണ് പിഴ ചുമത്തുന്നത്.

സ്വദേശികൾ, പ്രവാസികൾ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കെല്ലാം പിഴയിൽ പരാതിയുണ്ടെങ്കിൽ രേഖാമൂലം പരാതി സമർപ്പിക്കാവുന്നതാണ്. സ്വന്തം വീസ, ഐഡി കാർഡ് എന്നിവയ്ക്ക് പുറമെ കീഴിലുള്ള തൊഴിലാളികളുടെ ഔദ്യോഗിക തൊഴിൽ, താമസ രേഖകൾക്ക് ചുമത്തിയ പിഴ പിൻവലിക്കാനും അപേക്ഷകൾ നൽകാൻ സാധിക്കും. രാജ്യത്തിനു പുറത്ത് മൂന്നു മാസത്തിലധികം താമസിക്കുന്നതിനിടെയാണ് വീസ കാലാവധി തീർന്നതെങ്കിൽ പിഴയിൽ ഇളവുണ്ടാകും. രാജ്യം വിട്ട ശേഷമാണ് ഐഡി കാർഡ് കാലാവധി തീർന്നതെങ്കിൽ മാത്രമാണ് പിഴയിളവ് ലഭിക്കുക. കോടതിയിലെ കേസിന്റെ ഫലമായോ മറ്റോ പാസ്പോർട്ട് പിടിച്ചുവച്ച സാഹചര്യത്തിലും ഐഡി കാർഡ്, വീസ സംബന്ധമായ പിഴ അടയ്ക്കേണ്ട. പകർച്ചവ്യാധി, മാരക രോഗം , വൈകല്യം എന്നീ കാരണങ്ങളാൽ കിടപ്പിലായവർക്കും പിഴയിളവിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾക്ക് ഐസിപിയുടെ 300036005 എന്ന നമ്പരിൽ ബന്ധപ്പെടാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *