Posted By user Posted On

യുഎഇയിൽ മഴയ്ക്ക് ശേഷം കൊതുകിനെ തുരത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി; പൊതുജനങ്ങള്‍ക്ക് സഹായിക്കാം

മഴയ്ക്ക് ശേഷം കൊതുകിനെ തുരത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി യുഎഇ. രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ കൊതുക് പെരുകുന്ന ഹോട്ട്സ്പോട്ടുകള്‍ ഇല്ലാതാക്കുന്നതിനും കൊതുക് ശല്യം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ യുഎഇ ഊര്‍ജിതമാക്കുമെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCAE) അറിയിച്ചു. യുഎഇയില്‍ അടുത്തിടെ കനത്ത മഴ പെയ്തിരുന്നു. അതിനുശേഷം കെട്ടിക്കിടക്കുന്ന വെള്ളത്തിലും നനഞ്ഞ പ്രദേശങ്ങളിലും കൊതുകുകള്‍ പെരുകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചു. കൊതുകു വിരുദ്ധ കാമ്പെയ്നിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി, ആരോഗ്യ-പ്രതിരോധ മന്ത്രാലയവും എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസും (ഇഎച്ച്എസ്) കൊതുകുകള്‍ പരത്തുന്ന രോഗങ്ങളെക്കുറിച്ചും അവ എങ്ങനെ തടയാം എന്നതിനെക്കുറിച്ചും അവബോധം പ്രോത്സാഹിപ്പിക്കുന്നു.
”ഞങ്ങള്‍ കൊതുകുകള്‍ വ്യാപകമായ പ്രദേശങ്ങളില്‍ അവയെ നിയന്ത്രിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള അത്യാധുനിക അന്താരാഷ്ട്ര സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും. ഇത്തരം ചുറ്റുപാടുകളില്‍ കൊതുകുകളുടെ വ്യാപകമായ സാന്നിധ്യം തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്,’ MoCCAE പ്രസ്താവനയില്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് സഹായിക്കാം
കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് പ്രാദേശിക അധികാരികളുമായി സഹകരിക്കാന്‍ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു. കൊതുകുകളെ കാണുന്നതോ പ്രജനനം നടത്തുന്ന സ്ഥലങ്ങളോ 8003050 എന്ന നമ്പറില്‍ MoCCAE കോള്‍ സെന്ററില്‍ വിളിച്ച് അറിയിക്കാന്‍ താമസക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
നിര്‍മ്മാണ സൈറ്റുകള്‍, സ്റ്റേബിളുകള്‍, സ്‌കൂളുകള്‍, ഫാമുകള്‍, എസ്റ്റേറ്റുകള്‍, പൂന്തോട്ടങ്ങള്‍, പാര്‍ക്കുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, റേസ് ട്രാക്കുകള്‍, വെള്ളം കുമിഞ്ഞുകൂടുന്നതിനാല്‍ ഈര്‍പ്പമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ പ്രത്യേക ശ്രദ്ധിക്കണം. ജലസേചന ബേസിനുകള്‍, നീന്തല്‍ക്കുളങ്ങള്‍, ജലധാരകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കി കൊതുകുകളുടെ വ്യാപനം തടയാനും പരിമിതപ്പെടുത്താനും പൊതുജനങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയും, ഒന്നുകില്‍ ഉണക്കുകയോ മൂടുകയോ പതിവായി നീക്കുകയോ ചെയ്യണമെന്ന് MoCCAE പറഞ്ഞു.
മനുഷ്യര്‍ക്ക് സുരക്ഷിതം
‘കൊതുകു നിയന്ത്രണത്തില്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും കൊതുകുകളെ മാത്രം ലക്ഷ്യമിട്ടിട്ടുള്ളവയാണ്. അവ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഹാനികരമല്ല,’ എഞ്ചി. ഒതൈബ സയീദ് അല്‍ ഖായ്ദി, മോക്കയിലെ മുനിസിപ്പല്‍ കാര്യ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.
കൊതുകുകളുടെ പ്രാഥമിക പ്രജനന കേന്ദ്രമായി വര്‍ത്തിക്കുന്ന ചോര്‍ച്ച പരിഹരിക്കേണ്ടതിന്റെയും മഴവെള്ളം അടിഞ്ഞുകൂടുന്ന സ്ഥലങ്ങളില്‍ ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യവും മന്ത്രാലയം അടിവരയിടുന്നു.
2022 ഫെബ്രുവരിയില്‍ MoCCAE ആരംഭിച്ച ദേശീയ കൊതുക് വിരുദ്ധ കാമ്പെയ്നിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമാണ് നിലവിലെ ഡ്രൈവ്. ഇത് 2025 മെയ് വരെ തുടരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *