Posted By user Posted On

പ്രളയ ഹീറോയായി ഇന്ത്യന്‍ പ്രവാസി; വെള്ളപ്പൊക്കത്തില്‍ നിന്ന് 5 പേരുടെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ പണയപ്പെടുത്തി

ദുബായിലെ വെള്ളപ്പൊക്കത്തില്‍ നിന്ന് 5 പേരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ പ്രവാസി. മുങ്ങിപ്പോയ ട്രക്കിനുള്ളില്‍ കുടുങ്ങിയ അഞ്ച് പേരെ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് ഇന്ത്യക്കാരന്‍ ഷാവേസ് ഖാന്‍ രക്ഷപ്പെടുത്തിയത്. തന്റെ ധീരമായ രക്ഷാപ്രവര്‍ത്തനത്തിന് മൂന്ന് ദിവസത്തിന് ശേഷം, ദുബായിലെ അതേ അണ്ടര്‍പാസില്‍ നിന്ന് അദ്ദേഹം സംസാരിക്കുന്നു. ചൊവ്വാഴ്ചത്തെ അഭൂതപൂര്‍വമായ മഴയില്‍ സംഭവിച്ച ഹൃദയസ്പര്‍ശിയായ സംഭവങ്ങള്‍ ഷാവേസ് ഖാന്‍ വിവരിച്ചു: ‘ഞാന്‍ ടൊയോട്ട ബില്‍ഡിംഗിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു മഞ്ഞ എസ്യുവി കൊക്കകോള അരീനയ്ക്ക് സമീപം വെള്ളപ്പൊക്കമുള്ള അടിപ്പാതയില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. സ്മാര്‍ട്ട്ഫോണില്‍ രംഗം പകര്‍ത്തുന്ന കാഴ്ചക്കാരോട് അവരെ രക്ഷിക്കാന്‍ ഞാന്‍ സഹായം ചോദിച്ചു, പക്ഷേ അവര്‍ മടിച്ചു. സമയമാണ് പ്രധാനമെന്ന് എനിക്കറിയാമായിരുന്നു. റോഡിന് ചുറ്റും വട്ടമിട്ട് അണ്ടര്‍പാസിലേക്ക് നീന്തിയാലും സമയം വളരെ വൈകും. അതോടെ, പാലത്തില്‍ നിന്ന് 20 അടിയിലധികം താഴെയുള്ള വെള്ളത്തിലേക്ക് ചാടാന്‍ ഞാന്‍ തീരുമാനിച്ചു. ചാടത്തിനിടയില്‍ പരിക്ക് പറ്റിയെങ്കിലും ഖാന്‍ ആ വേദന അവഗണിച്ചു.” വടക്കേ ഇന്ത്യയിലെ മീററ്റ് ജില്ലയിലെ ഫലൗദയില്‍ നിന്നുള്ള 27 കാരനായ ക്രിക്കറ്റ് പ്രേമി പറഞ്ഞു.
‘എസ്യുവി അതിവേഗം മുങ്ങുകയായിരുന്നു, അതില്‍ യാത്രക്കാര്‍ കുടുങ്ങുകയും അവര്‍ക്ക് ശ്വാസം മുട്ടുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. ശരിക്കും ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്’ ഷാവേസ് അനുസ്മരിച്ചു. ഷാവേസ് ഉടന്‍ കാറിന്റെ മുകളിലേക്ക് കയറി, സമീപത്തെ നിര്‍മ്മാണ സൈറ്റിലെ ഒരു തൊഴിലാളി അപ്പോഴേക്കും ഒരു ചുറ്റിക എറിഞ്ഞു കൊടുത്തു. സമീപത്ത് നിന്നിരുന്ന മൂന്ന് പേരുടെ സഹായത്തോടെ ഷാവേസ് ഗ്ലാസ് തകര്‍ത്ത് അഞ്ച് യാത്രക്കാരെയും രക്ഷപ്പെടുത്തി.
‘മുന്‍ സീറ്റില്‍ രണ്ട് അറബ് പുരുഷന്മാരും പിന്നില്‍ മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നു, അതില്‍ ഒരു ഇന്ത്യക്കാരിയും ഫിലിപ്പൈനയും ഒരു ഇന്ത്യന്‍ പുരുഷനും ഉള്‍പ്പെടുന്നു,’ ഷാവേസ് വിവരിച്ചു.’അവര്‍ ഭയന്ന് വിറച്ചിരുന്നു. സ്ത്രീകള്‍ക്ക് നീന്തല്‍ അറിയില്ലായിരുന്നു, അതിനാല്‍ അവരെ ഞാന്‍ സഹായിച്ചു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനത്തിനിടെ ഷാവേസിന് പരിക്കേറ്റു. കാറിന്റെ ചില്ലുകള്‍ അയാളുടെ കൈകളിലും കാലുകളിലും തുളച്ചുകയറുകയും കനത്ത രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. അതേസമയം വീഴ്ചയുടെ ആഘാതത്തില്‍ വാരിയെല്ലിനും മുതുകിനും പരിക്കേറ്റു.
‘എനിക്ക് ഇപ്പോഴും എമിറേറ്റ്‌സ് ഐഡി ഇല്ല, അതിനാല്‍ ക്ലിനിക്കുകള്‍ എന്നെ നോക്കിയില്ല, ഡ്രെസ്സിംഗിനായി എനിക്ക് എന്റെ റൂംമേറ്റുകളെ ആശ്രയിക്കേണ്ടി വന്നു,’ ട്രെയിനി ഓഡിറ്ററായി ജോലി ചെയ്യുന്ന ഷാവേസ് വിശദീകരിച്ചു.
കമ്പനിയുടെ സിഇഒ പങ്കിട്ട വീഡിയോ വൈറലായതിന് പിന്നാലെ ഷാവേസിന്റെ വീരകൃത്യത്തിന് വ്യാപകമായ പ്രശംസ ലഭിച്ചു. ഷാവേസ് സുഖം പ്രാപിക്കുന്നതിനിടെ, അപ്രതീക്ഷിതമായ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി. വരാനിരിക്കുന്ന ബോളിവുഡ് ചിത്രമായ ‘ഗബ്രു ഗാങ്ങ്’ എന്ന ചിത്രത്തിന്റെ കണ്‍സള്‍ട്ടിംഗ് മഞ്ജു രമണന്‍, റീല്‍ ലൈഫ് ഹീറോകള്‍ക്കൊപ്പം ആദരിക്കപ്പെടേണ്ട അഞ്ച് യുഎഇ പ്രളയ നായകന്മാരില്‍ ഷാവേസിനെ തിരഞ്ഞെടുത്തതായി ഫ്‌ലോറ ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പത്രസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *