യുഎഇയിൽ ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ആരംഭിച്ചു
ദുബൈ: യു.എ.ഇയിൽ പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശികളെ നിയമിക്കണമെന്ന നിയമം നിലവിൽവന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജനുവരി മുതൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. അടുത്ത വർഷം വീണ്ടും ഒരു സ്വദേശിയെ കൂടി നിയമിക്കണം.
നേരത്തേ 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കിയിരുന്നത്. രാജ്യത്ത് 20-49 തൊഴിലാളികളുള്ള 12,000 സ്വകാര്യ കമ്പനികൾ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ടെന്ന് നവംബറിൽ അറിയിച്ചിരുന്നു. ഇതുപ്രകാരം അടുത്ത വർഷങ്ങളിൽ സ്വദേശികൾക്ക് 12,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
14 ചെറുകിട തൊഴിൽ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിർബന്ധമായും നിയമിക്കണമെന്ന നിർദേശം കഴിഞ്ഞ ജൂലൈയിൽ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇത് പാലിച്ചില്ലെങ്കിൽ 2025 ജനുവരിയിൽ 96,000 ദിർഹം സ്ഥാപനത്തിൽനിന്ന് ഈടാക്കും.2025ൽ നിലവിലെ സ്വദേശി ജീവനക്കാരന് പുറമെ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. ഇതിൽ വീഴ്ചയുണ്ടായാൽ 2026 ജനുവരിയിൽ 1,08,000 ദിർഹം പിഴ നൽകേണ്ടിവരും.
14 മേഖലയിലെ ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്കാണ് സ്വദേശിവത്കരണ നിർദേശം ബാധകമാക്കിയിരിക്കുന്നത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ, ധനകാര്യം, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ ടെക്നിക്കൽ മേഖല, അഡ്മിനിസ്ട്രേഷൻ സപ്പോർട്ടിങ് സർവിസ്, കല-വിനോദം, ഖനനം, വിദ്യാഭ്യാസം, ട്രാൻസ്ഫോമേറ്റിവ് ഇൻഡസ്ട്രി, ആരോഗ്യം, സാമൂഹിക സേവനം, നിർമാണം, മൊത്ത-ചില്ലറ വ്യാപാരം, ഗതാഗതവും വെയർഹൗസിങ്ങും, ഹോസ്പിറ്റാലിറ്റി എന്നിവയാണ് പുതിയ സ്വദേശിവത്കരണം ബാധകമാകുന്ന മേഖലകളെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലുടമകൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 2022 പകുതി മുതൽ 2023 ഡിസംബർ വരെ എമിറേറ്റൈസേഷൻ നയങ്ങൾ ലംഘിച്ച 916 സ്വകാര്യ കമ്പനികളെ അധികൃതർ കണ്ടെത്തിയിരുന്നു.
സ്വദേശിവത്കരണം ആരംഭിച്ചശേഷം 18,000ത്തിലധികം കമ്പനികൾ ഇമാറാത്തികളെ നിയമിച്ചിട്ടുണ്ട്. ഇതുവഴി ഏകദേശം 88,000 പേർ ഇപ്പോൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE
Comments (0)