അഡ്നോക് മാരത്തൺ ഇന്ന്; യുഎഇയിലെ റോഡുകൾ അടച്ചിടും
അബൂദബി: അഡ്നോക് മാരത്തണിനുവേണ്ടി അബൂദബിയിലെ വിവിധ റോഡുകൾ ശനിയാഴ്ച അടച്ചിടും. കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിൻറെ വിവിധ ഭാഗങ്ങൾ അർധരാത്രി മുതൽ രാവിലെ 7.30 വരെയും കോർണിഷ് സ്ട്രീറ്റിൽ പുലർച്ച രണ്ടുമുതൽ ഉച്ചക്ക് രണ്ടുവരെയും അടച്ചിടും.
അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് പുലർച്ച മൂന്നു മുതൽ രാവിലെ ഒമ്പതു വരെയും അടച്ചിടും.
ഇവിടെനിന്ന് മാരത്തൺ റൂട്ട് ശൈഖ് റാശിദ് ബിൻ സഈദ് സ്ട്രീറ്റിലേക്ക് തിരിയും. ഡ്രൈവർമാർ സുരക്ഷിതമായി നിയമം പാലിച്ച് വാഹനമോടിക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം ആവശ്യപ്പെട്ടു. മാരത്തൺ കടന്നുപോകുന്ന റൂട്ട് അനുസരിച്ച് എട്ടു ഘട്ടങ്ങളിൽ ആയാണ് റോഡ് അടച്ചിടൽ ഉണ്ടാവുക.
കോർണിഷ് റോഡിലെ അഡ്നോക് ആസ്ഥാനത്തിന് സമീപത്തുനിന്ന് തുടങ്ങുന്ന ഓട്ടം ബൈനുന പബ്ലിക് പാർക്കിന് സമീപത്ത് അഡ്നോക് കാമ്പസിലാണ് എത്തുക. ഭിന്നശേഷിക്കാർക്കും പാരാലിമ്പിക്സിൽ പങ്കെടുത്തവർക്കും മാരത്തൺ രജിസ്ട്രേഷൻ സൗജന്യമാണ്. കുട്ടികളും കുടുംബങ്ങളും അടക്കം എല്ലാവർക്കും പങ്കെടുക്കാം. മാരത്തൺ, മാരത്തൺ റിലേ (രണ്ടു പേർ അടങ്ങുന്ന ടീം), 10 കി.മീ, അഞ്ചു കി.മീ, 2.5 കി.മീ എന്നിങ്ങനെയാണ് മത്സരം. ലോകപ്രശസ്ത ഓട്ടക്കാർ അടക്കം 23,000 പേർ മാരത്തണിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)