Posted By user Posted On

യുഎഇയില്‍ അപകടമരണനിരക്ക് വര്‍ധിക്കുന്നു, കഴിഞ്ഞ വർഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 728 അപകടങ്ങള്‍

അബുദാബി∙ യുഎഇയിൽ മോട്ടർ സൈക്കിൾ, ഇ-സ്കൂട്ടർ, ഇ–ബൈക്ക്, സൈക്കിൾ അപകടങ്ങളും മരണങ്ങളും വർധിക്കുന്നു. കഴിഞ്ഞ വർഷം 728 ഇ–സ്കൂട്ടർ അപകടങ്ങളിൽ 53 പേർ മരിച്ചു. 965 പേർക്കു പരുക്കേറ്റു. 605 മോട്ടർസൈക്കിൾ അപകടത്തിൽ 45 പേർ മരിച്ചു.  819 പേർക്കു പരുക്കേറ്റു. സൈക്കിൾ അപകടത്തിൽ 7 പേരാണ് 2022ൽ മരിച്ചത്. 105 പേർക്കു പരുക്കേറ്റു. ഇ– ബൈക്ക് അപകടത്തിൽ 41 പേർക്ക് പരുക്കേറ്റു.

ഹ്രസ്വദൂര യാത്രയ്ക്കും ബസ് സ്റ്റേഷൻ, ഷോപ്പിങ് മാൾ, താമസ കെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്കു പോകാനും തിരിച്ചുവരാനും സാധനങ്ങൾ ഡെലിവറി ചെയ്യാനും ഇ–സ്കൂട്ടർ, മോട്ടർ സൈക്കിൾ, ഇ–ബൈക്ക് എന്നിവ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നു റോഡ് സേഫ്റ്റി യുഎഇ എംഡി തോമസ് എഡൽമാൻ പറഞ്ഞു. മുൻവർഷങ്ങളിലെ അപകട, മരണ നിരക്കുവർധന ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2020നെ അപേക്ഷിച്ച് 2021ൽ അപകടങ്ങൾ 33% വർധിച്ചതായും ചൂണ്ടിക്കാട്ടി.

അതിവേഗ പാതയിലൂടെ ഇത്തരം വാഹനം ഓടിക്കരുത്. റോഡുകളിൽ വലതുവശം ചേർന്നാകണം യാത്ര. സ്കൂട്ടറിൽ ഒരാൾ  മാത്രമേ സഞ്ചരിക്കാവൂ. നിയമ ലംഘകർക്ക് 200 മുതൽ 500 ദിർഹം പിഴയുണ്ടാകും. സീറ്റുള്ള സ്കൂട്ടറുകൾ ഓടിക്കാൻ ലൈസൻസ് നിർബന്ധം. സീറ്റില്ലാത്ത ഇ– ബൈക്ക്/സ്കൂട്ടർ എന്നിവ പ്രാദേശിക റോഡുകളിൽ ഓടിക്കുന്നതിന് ലൈസൻസ് നിർബന്ധമില്ല.   

നിബന്ധനകൾ

∙ ഇലക്ട്രിക് വാഹനങ്ങളുടെ ഉയരം 165 സെ.മിയിൽ കവിയരുത്. റോഡിന്റെ എതിർ ദിശയിൽ സഞ്ചരിക്കരുത്.

∙ നടക്കാനും ഓടാനും നിശ്ചയിച്ച പാതയിലൂടെ ഓടിക്കരുത്.

∙ ഇ– സ്കൂട്ടറോ ബൈക്കോ ഓടിക്കുന്നതിനിടെ മറ്റൊരു വാഹനം കയ്യിൽ കരുതരുത്. 

∙ ഒരാൾക്ക് സഞ്ചരിക്കാവുന്ന സ്കൂട്ടറിൽ ഒന്നിലേറെ പേർ യാത്ര ചെയ്യരുത്.

∙ ഹെൽമറ്റ്, റിഫ്ലക്ടർ വസ്ത്രം തുടങ്ങി സുരക്ഷാ ഉപകരണങ്ങൾ നിർബന്ധം.

∙ ഹെഡ് ലൈറ്റ്, ടെയ്ൽ ലൈറ്റ്, ഹോൺ, ബ്രേക്ക് എന്നിവ ഉണ്ടാകണം.

∙ സീബ്ര ക്രോസിൽ കാൽ നടയാത്രക്കാർക്ക് മുൻഗണന നൽകണം.

∙ റോഡിന്റെ വശങ്ങളിൽ ഒഴിഞ്ഞ പ്രദേശത്തുകൂടി മാത്രമേ സഞ്ചരിക്കാവൂ.

∙ കാൽനടയാത്രക്കാരുടെ സഞ്ചാരത്തിന് തടസ്സമാകും വിധം വാഹനം നിർത്തരുത്.

∙ തെരുവ് വിളക്ക് കാലിലോ മറ്റു തൂണിലോ ചങ്ങലയിട്ട് ബന്ധിപ്പിക്കരുത്.

👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *